നവകേരള സദസിനെ വരവേൽക്കാൻ കരുനാഗപ്പള്ളി
1377394
Sunday, December 10, 2023 10:36 PM IST
കൊല്ലം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങളെല്ലാം പങ്കെടുക്കുന്ന നവകേരള സദസിനെ വരവേൽക്കാൻ ഒരുങ്ങി കരുനാഗപ്പള്ളി നിയോജകമണ്ഡലം.
ഇന്ന് മുതൽ 19 വരെ വിപുലമായ കലാ-സാംസ്കാരിക, അനുബന്ധ പരിപാടികൾ അരങ്ങേറും. കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിലെ സ്വാഗതസംഘം ഓഫീസിനോട് ചേർന്നുള്ള നവകേരള സ്ക്വയറിലും, വിവിധ വേദികളിലുമായാണ് പരിപാടികൾ.
ഇന്ന് കലാകാരന്മാരായ യു.എം ബിന്നി, ഷാൻ ചവറ, അനി വർണം, അനി വരവിള, കബീർ എൻസൈൻ , ജയകൃഷ്ണൻ പൊന്മന, വിപിൻ വനമാലികം എന്നിവർ നേതൃത്വം നൽകുന്ന വരത്തെരുവ് ഉദ്ഘാടനം ചിത്രകാരരായ എം. സജിത്തും സ്മിത എം ബാബുവും ചേർന്ന് നിർവഹിക്കും.
നാളെ വൈകുന്നേരം അഞ്ചിന് നവകേരള കൊടിയേറ്റ് സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ആർ സോമൻ പിള്ള അധ്യക്ഷനാകും. ഡെപ്യൂട്ടി കളക്ടർ സുരേഷ് ബാബു, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
നവകേരള ചിന്തകൾ വിഷയത്തെ ആസ്പദമാക്കി കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രത്യേക സംവാദ പരിപാടിയുമുണ്ട്. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു മുഖ്യാതിഥിയാകും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.സദാശിവൻ, മിനിമോൾ നിസാം, ബിന്ദു രാമചന്ദ്രൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സുനിമോൾ, തഹസിൽദാർ പി .ഷിബു തുടങ്ങിയവർ പങ്കെടുക്കും. സിവിൽ സ്റ്റേഷൻ ജീവനക്കാർ അവതരിപ്പിക്കുന്ന നാടൻപാട്ടും അനുബന്ധമായി നടക്കും. വൈകുന്നേരം അഞ്ചിന് തഴവ ജിവിഎച്ച്എസിൽ തഴവ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാടകമേളം അരങ്ങേറും.
13ന് വൈകുന്നേരം നാലിന് നവകേരള സ്ക്വയറിൽ നവകേരളത്തെ ചേർത്ത് വച്ച് മുന്നോട്ടു കുതിക്കാൻ കരുനാഗപ്പള്ളി എന്ന വിഷയത്തിൽ ഡോ. വള്ളിക്കാവ് മോഹൻദാസിന്റെ പ്രത്യേക സംവാദ പരിപാടിയും കരുനാഗപ്പള്ളി ഗേൾസ് ആൻഡ് ബോയ്സ് സ്കൂൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും.
വൈകുന്നേരം നാലിന് പുന്നക്കുളം യുപിഎസിൽ കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവാതിര മത്സരവും സംഘടിപ്പിക്കും.
14ന് വൈകുന്നേരം അഞ്ചിന് നവകേരള സ്ക്വയറിൽ സാംസ്കാരിക സായാഹ്ന പരിപാടി നടക്കും. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തും. ഉദ്ഘാടനം സിനിമ സീരിയൽ താരം ഗായത്രി നിർവഹിക്കും.
പുകസ പ്രസിഡന്റ ടി.എൻ. വിജയകൃഷ്ണൻ അധ്യക്ഷനാകും. സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും . കലാപരിപാടികളും അരങ്ങേറും. വൈകുന്നേരം അഞ്ചിന് ക്ലാപ്പന തോട്ടത്തിമുക്കിൽ ക്ലാപ്പന ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗാനമേളയും സംഘടിപ്പിക്കും.
15ന് വൈകുന്നേരം നാലിന് നവകേരള സ്ക്വയറിൽ സാംസ്കാരിക സംഗമത്തോടെനുബന്ധിച്ച് വൈക്കം സത്യഗ്രഹം മുതൽ നവകേരളം വരെ വിഷയത്തിൽ സെമിനാർ നടക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്യും. പി.ബി .ശിവൻ മോഡറ്ററാകുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, കെ.ബി. മുരളീകൃഷ്ണൻ, ഡി.സുകേശന്, വി.പി. ജയപ്രകാശ് മേനോൻ, ഡോ.വള്ളിക്കാവ് മോഹൻദാസ്,എ.പ്രദീപ് എന്നിവർ വിഷയാവതരണം നടത്തും.
കരുനാഗപ്പള്ളി സർക്കാർ എച്ച്എസ്എസ് സ്കൂൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലാണ് പരിപാടികൾ. വൈകുന്നേരം അഞ്ചിന് ബസ് സ്റ്റാൻഡ് മൈതാനിയിൽ ഓച്ചിറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറും.
16ന് വൈകുന്നേരം നാലിന് നവകേരള സ്ക്വയറിൽ നടക്കുന്ന സഹകാരി സംഗമം സംസ്ഥാന സഹകരണ ഓഡിറ്റ് ഡയറക്ടർ എ.എസ് .ഷൈൻ ഉദ്ഘാടനം ചെയ്യും. സർക്കിൾ സഹകാരി യൂണിയൻ ചെയർമാൻ ആർ.രാമചന്ദ്രൻ പിള്ള അധ്യക്ഷനാകും. കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ എ. ആർ.രമേശ് വിഷയാവതരണം നടത്തും. കരുനാഗപ്പള്ളി സഹകാരി അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഉണ്ണികൃഷ്ണൻ, ജോയിന്റ് രജിസ്ട്രാർ ജനറൽ എം.അബ്ദുൽ ഹലീം, കരുനാഗപ്പള്ളി അസിസ്റ്റന്റ് ഓഡിറ്റ് ഡയറക്ടർ ഹാരിസ് തുടങ്ങിയവർ പങ്കെടുക്കും.
ജെഎഫ്കെഎംവിഎച്ച്എസ് സ്കൂൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. സഹകരണ ജീവനക്കാരുടെ സംഘാടനത്തിലാണ് പരിപാടികൾ. വൈകുന്നേരം അഞ്ചിന് ടി എസ് കനാലിലൂടെ കായൽ ഘോഷയാത്ര ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.17ന് രാവിലെ പത്തിന് നവ കേരള സ്ക്വയറിൽ ചെസ് അസോസിയേഷൻ കേരളയുടെ അഭിമുഖ്യത്തിൽ അഖിലകേരള ചെസ് ടൂർണമെന്റ് നടക്കും. ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് നിർവഹിക്കും. ചെസ് അസോസിയേഷൻ ഭാരവാഹി പി.ജി. ഉണ്ണികൃഷ്ണൻ ആമുഖം അവതരിപ്പിക്കും. വൈകുന്നേരംനാലിന് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി കുടുംബശ്രീയുടെ നേതൃത്വത്തിൽ പായസ പാചക മത്സരവും സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചിന് തൊടിയൂർ വെളുത്തമണലിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇശൽ സന്ധ്യ ഒരുങ്ങും.
18ന് വൈകുന്നേരം ആറിന് എല്ലാ പഞ്ചായത്തുകളിൽ നിന്നും ആരംഭിക്കുന്ന നവ കേരള സ്ത്രീ ശക്തി വിളംബര റാലി എച്ച് ആൻഡ് ജെ മാൾ ഗ്രൗണ്ടിൽ സംഗമിക്കും. സ്ത്രീ ശക്തി സംഗമം സംസ്കാരിക സദസ് എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അധ്യക്ഷയാവും. സുജിത് വിജയൻപിള്ള എംഎൽഎ മുഖ്യാതിഥിയാകും.കലാ-സാംസ്കാരിക വിഭാഗം സബ് കമ്മിറ്റി ചെയർമാൻ വി .വിജയകുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ വസന്താ രമേശ്, അനിൽ എസ്. കല്ലേലിഭാഗം, ജില്ലാ പഞ്ചായത്തംഗം ഗേളീ ഷണ്മുഖൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി .ശ്രീദേവി, മിനിമോൾ, കരുനാഗപ്പള്ളി എഇഒ ശ്രീജ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുക്കും. നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന പരിപാടിയുമുണ്ടാകും.
14, 15 തീയതികളിൽ കോളേജ് വിദ്യാർഥികളുടെ ഫ്ലാഷ് മോബ് മണ്ഡലത്തിൽ ഉടനീളം നടത്തും. 16ന് അഴീക്കൽ പൊഴിമുഖം മുതൽ വെള്ളാനാതുരുത്ത് വരെ ജല ഘോഷയാത്രയും നടത്തും.
മത്സരങ്ങൾ
നവ കേരളത്തിന് മുന്നോടിയായി കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറും. 15ന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ബാസ്ക്കറ്റ്ബോൾ പ്രദർശന മത്സരം ജില്ലാ കളക്ടർ എൻ ദേവിദാസ് ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 10ന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ യുപി,എച്ച്എസ്,എച്ച്എസ്എസ് വിഭാഗം വിദ്യാർഥികളുടെ ഉപന്യാസം, ചിത്രരചനാ മത്സരങ്ങൾ നടക്കും.
നവകേരള സദസ് 19-ന്
19ന് രാവിലെ പത്തിന് കരുനാഗപ്പള്ളി എച്ച് ആൻഡ് ജെ മാൾ ഗ്രൗണ്ടിലാണ് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നവകേരള സദസ് നടക്കുക. സദസിന് അനുബന്ധമായി രാവിലെ എട്ട് മുതൽ ഡോ പാർവതി ബി. രവി നയിക്കുന്ന ഗാനമാലിക, കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ നേതൃത്വം നൽകുന്ന നൃത്തശില്പം, പ്രിയം സ്കൂൾഓഫ് മ്യൂസിക്കിന്റെ സ്വാഗത ഗാനം എന്നിവയുണ്ടാകും.