കുളത്തൂപ്പുഴയിൽ വൻ തീപിടിത്തം
1545879
Sunday, April 27, 2025 6:04 AM IST
കുളത്തൂപ്പുഴ : കുളത്തൂപ്പുഴയിൽ വൻ തീപിടിത്തം. കുളത്തൂപ്പുഴ ജംഗ്ഷനിൽ കുന്നുംപുറം ബിൽഡിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ബിസ്മി ഇലക്ട്രോണിക്സ് സ്ഥാപനം, തൊട്ടടുത്തുള്ള തസ്ലീമ ഹോട്ടൽ , ഇൻഷുറൻസ് സ്ഥാപനം എന്നിവ പൂർണമായി കത്തി നശിച്ചു. ഫയർഫോഴ്സ് എത്തുവാൻ വൈകിയത് കാരണം സ്ഥാപനങ്ങൾ പൂർണമായി അഗ്നിക്കിരയായി.
തൊട്ടടുത്ത് പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിൽ തീപടരാതിരുന്നത് ദുരന്തം ഒഴിവാക്കി. ഇവിടെ സ്ഥാപിച്ചിരുന്ന എസികൾ പൂർണമായി നശിച്ചു . ലക്ഷങ്ങളുടെ നഷ്ടമാണ് ബിസ്മി ഇലക്ട്രോണിക്സ് ആൻഡ് ഫർണിച്ചർ സ്ഥാപനത്തിനുണ്ടായത്. സ്ഥാപനത്തിന്റെ പിൻവശത്താണ് തീപിടിക്കാൻ തുടങ്ങിയത്.
സ്ഥാപനത്തിലെ ജോലിക്കാർ തീഅണയ്ക്കാൻ ശ്രമിച്ചെങ്കിലും നിമിഷം നേരം കൊണ്ട് കടയിൽ പൂർണമായി തീ വ്യാപിക്കുകയായിരുന്നു. പുനലൂർ,കടയ്ക്കൽ എന്നിവിടങ്ങളിൽനിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഈ പ്രദേശങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പുനലൂർ, കടയ്ക്കൽ, ചടയമംഗലം, എന്നീ സ്ഥലങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തുമ്പോൾ മണിക്കൂറുകൾ എടുക്കുന്നു .ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടുവാൻ കാരണമാകുന്നു വെന്ന് നാട്ടുകാർ ആരോപിക്കുന്നു.