ചങ്ങനാശേരി: ചെത്തിപ്പുഴ സര്‍ഗക്ഷേത്രയുടെ നേതൃത്വത്തില്‍ പ്രഫഷണല്‍ നാടകമത്സരം “സെന്റ് ചാവറ ട്രോഫി ഇടിമണ്ണിക്കല്‍ യവനിക സീസണ്-3 പ്രഫഷണല്‍ നാടകോത്സവം’’ സര്‍ഗക്ഷേത്ര അങ്കണത്തിലെ തേവര്‍കാട് പ്രഫ.ടി.ടി. ചാക്കോ നഗറില്‍ നാളെ ആരംഭിക്കും. വൈകുന്നേരം 6.30ന് ചലച്ചിത്ര താരവും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും.
സര്‍ഗക്ഷേത്ര രക്ഷാധികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ അധ്യക്ഷത വഹിക്കും. സര്ഗഭവനത്തിന്റെ താക്കോല്‍ ദാനവും സമ്മേളനത്തില്‍ നടത്തും. തേവര്‍കാട് പ്രഫ.റ്റി.റ്റി. ചാക്കോയുടെ ഫോട്ടോ അനാച്ഛാദനം സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ നിര്‍വഹിക്കും.
സണ്ണി ഇടിമണ്ണിക്കല്‍ മുഖ്യാതിഥിയായിരിക്കും. നാടകോത്സവ സംഘാടക സമിതി ചെയര്മാന് എസ്. പ്രേമചന്ദ്രന്, ബ്രദര്‍ ജോബിന് മുട്ടേല്‍, ജനറല്‍കണ്‍വീനര്‍ ജോസ് ജോസഫ് നടുവിലേഴം, എം.ജെ. അപ്രേം, ജിജി കോട്ടപ്പുറം, വര്‍ഗീസ് ആന്റണി, അഡ്വ. റോയ് തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. മികച്ച ഒന്നാമത്തെ നാടകത്തിന് 50,000 രൂപയും രണ്ടാമത്തെ നാടകത്തിന് 30,000 രൂപയും നല്‍കും. സംവിധായകന്, നടന്, നടി, മികച്ച രണ്ടാമത്തെ നടന്, നടി, നാടകകൃത്ത്, രംഗസജ്ജീകരണം എന്നിവയ്ക്കു പ്രത്യേകം കാഷ് അവാര്‍ഡുകളും പ്രശസ്തി പത്രവും സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, നാടകോത്സവ സംഘാടക സമിതി ചെയര്മാന് എസ്. പ്രേമചന്ദ്രന്, ജനറല്‍ കണ്‍വീനര്‍ ജോസ് ജോസഫ് നടുവിലേഴം, ജോയിന്റ് കണ്‍വീനര്‍ എം.എ. ആന്റണി, സര്‍ഗക്ഷേത്ര സെക്രട്ടറി വര്‍ഗീസ് ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
നാളെ നാടകമത്സരത്തിന്റെ ആദ്യദിനത്തില്‍ കായംകുളം ദേവാ കമ്യൂണിക്കേഷന്‍സിന്റെ ചന്ദ്രികാവസന്തം എന്ന നാടകം അവതരിപ്പിക്കും. ആറിന് പാലാ കമ്യൂണിക്കേഷന്‍സിന്റെ ജീവിതം സാക്ഷി, ഏഴിന് വടകര സങ്കീര്‍ത്തനയുടെ ചിറക്, എട്ടിന് ആറ്റിങ്ങല്‍ ശ്രീധന്യയുടെ മുഖാമുഖം, ഒമ്പതിന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സിന്റെ ശാന്തം, 10ന് വെഞ്ഞാറമൂട് സൗപര്‍ണികയുടെ മണികര്‍ണ്ണിക 11ന് ആലപ്പുഴ ഭരത് കമ്മ്യൂണിക്കേഷന്‍സിന്റെ വീട്ടമ്മ എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും.
പത്തിനു വൈകുന്നേരം ആറിന് കളത്തില്‍ സുധീപിന്റെ സ്മരണാര്‍ഥമുള്ള ഗാനദീപം അവാര്‍ഡ് വിതരണം ചെയ്യും. 12ന് വൈകുന്നേരം ആറിന് വിജയികള്‍ക്ക് സമ്മാനദാനവും എസ്ബി ഹൈസ്കൂള്‍ വിദ്യാര്ഥികളായായ സഹോദരങ്ങള്‍ ബെന്‍ ബിജുവും ബെവന് ബിജുവും സര്‍ഗക്ഷേത്ര ബാനറില്‍ ഒരുക്കുന്ന സ്നേഹം, അമരത്തുണ്ട് നാഥന് എന്നീ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെ പ്രകാശനവും ചലച്ചിത്ര സംവിധായകന് ബ്ലസി നിര്‍വഹിക്കും. തുടര്‍ന്ന് കൊല്ലം കാളിദാസ കലാ കേന്ദ്രത്തിന്റെ പാവവീട് എന്ന നാടകവും അവതരിപ്പിക്കും.