ഹരിപ്പാട്: ചുണ്ടന്‍വള്ളങ്ങളുടെ ഗ്രാമമെന്ന് ഖ്യാതിയുള്ള വീയപുരത്ത് ഒരു ചുണ്ടന്കൂടി പിറവിയെടുക്കുന്നു. പുതുതായി പണി പൂര്‍ത്തീകരിച്ച മേല്പാടം ചുണ്ടനാണ് പത്തിന് നീരണിയുന്നത്. ചുണ്ടന്റെ നീരണിയല്‍ മേല്പാടം സ്വദേശികളുടെ ചിരകാലസ്വപ്ന സാക്ഷാത്കാരമാണ്. 128 അടി നീളത്തില്‍ പണിത ചുണ്ടന് വള്ളത്തിന്റെ തടി പൊന്‍കുന്നത്തുനിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും കൊണ്ടുവന്നതാണ്. മൂന്നു തടിയിലാണ് മേല്പാടം ചുണ്ടന്റെ നിര്‍മാണം.
സാബു ആശാരിയുടെ കലാവിരുതിലായിരുന്നു നിര്‍മാണം. 85തുഴക്കാരും അഞ്ചു അമരക്കാരും ഏഴു നിലക്കാരും ചുണ്ടനിലുണ്ടാകും. 70 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് നിര്‍മാണം പൂര്‍ത്തിയായത്. വീയപുരം പഞ്ചായത്തിലെ 3, 4, 5 വാര്‍ഡുകളിലേയും മാന്നാര്‍ പഞ്ചായത്തിലെ 1, 2 വാര്‍ഡുകളിലേയും സ്വന്ത്വം ചുണ്ടനാണ് മേല്പാടം ചുണ്ടന്. ജീസസ് ബോട്ട് ക്ലബ് കൊല്ലം നെഹ്റുട്രോഫി മത്സരത്തില്‍ മേല്പാടം ചുണ്ടനില്‍ ആദ്യതുഴക്കാരായി എത്തും.
10ന് ഉച്ചയ്ക്ക് 12.25നും12.30നുമധ്യേ മേല്പാടം ചുണ്ടന് നീരണിയും. നീരണിയലിനു മുന്നോടിയായി രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി സജി ചെറിയാന്, കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ രമേശ് ചെന്നിത്തല, തോമസ് കെ. തോമസ്, സിനിമനടന് മധുപാല്‍, ജലോത്സവവേദിയിലെ പ്രമുഖര്‍, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
മേല്പാടം ചുണ്ടന് നീരണിയുന്നതോടെ വീയപുരം പഞ്ചായത്തിലെ മുഴുവന്‍ കരയ്ക്കും ചുണ്ടന് വള്ളമുണ്ടെന്ന് ഖ്യാതിയാകും. വെള്ളംകുളങ്ങര, കാരിച്ചാല്‍, പായിപ്പാട്, വീയപുരം, മേല്പാടം എന്നീ കരകളാണ് വീയപുരം പഞ്ചായത്തിനുള്ളത്. കൂടാതെ പായിപ്പാട് കരയ്ക്കു പുതിയ ചുണ്ടനും പഴയചുണ്ടനുമുണ്ട്. കാരിച്ചാലില്‍ ഒരു സ്വകാര്യവ്യക്തിക്ക് ശ്രീഗണേഷ്, ശ്രീകാര്‍ത്തിക് എന്നീ ചുണ്ടന് വള്ളവുമുണ്ട്. എന്നാല്‍, ഈ രണ്ടു ചുണ്ടന്‍വള്ളങ്ങളും മാലിപ്പുരയില്‍ അന്ത്യവിശ്രമത്തിലാണ്.