35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് ബിഹാര്‍ സ്വദേശികള്‍കൂടി അറസ്റ്റില്‍
1374723
Thursday, November 30, 2023 8:01 AM IST
പാലാ: വ്യാപാരസ്ഥാപനത്തില്‍നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് ബിഹാര്‍ സ്വദേശികള്‍കൂടി പോലീസിന്റെ പിടിയിലായി. ബിഹാര്‍ സ്വദേശികളായ നിഹാല്‍കുമാര്‍ (20), സഹില്‍കുമാര്‍ (19) എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.
ഇവരെ ബിഹാറിലെ പാറ്റ്നയില്‍ നിന്നും അതിസാഹസികമായി അന്വേഷണസംഘം പിടികൂടുകയായിരുന്നു. 2023 ജനുവരി 31ന് പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തില്‍നിന്ന് ഇവര്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
സ്ഥാപനത്തിലെ എംഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, വ്യാജ വാട്സ്ആപ്പ് മുഖാന്തരം മാനേജരുടെ ഫോണിലേക്ക് താന്‍ കോണ്‍ഫറന്‍സില്‍ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടന്‍തന്നെ പണം അയയ്ക്കണമെന്നും കോണ്‍ഫറന്‍സില്‍ ആയതിനാല്‍ തന്നെ തിരികെ വിളിക്കരുത് എന്ന സന്ദേശവും എംഡി ആണെന്ന വ്യാജേന അയയ്ക്കുകയായിരുന്നു.
ഇതോടെ 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പ് മനസിലായ സ്ഥാപന ഉടമ പാലാ പോലീസില്‍ പരാതി നല്കി. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഉത്തര്‍പ്രദേശിലെത്തി യുപി ഔറാദത്ത് സന്ത്കബിര്‍നഗര്‍ സ്വദേശികളായ സങ്കം (19), ദീപക് (23), അമര്‍നാഥ് (19), അമിത് (21), അതീഷ് (20) എന്നിവരെ പിടികൂടിയിരുന്നു.