ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ആറ്റിൽ വീണു
1548709
Wednesday, May 7, 2025 7:31 AM IST
ചിങ്ങവനം: നിയന്ത്രണംതെറ്റിയ ഓട്ടോറിക്ഷാ കൊടൂരാറ്റിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പനച്ചിക്കാട് പഞ്ചായത്തില്‍ കൊല്ലാട് പുന്നയ്ക്കല്‍ ചുങ്കം കടവില്‍ തിങ്കളാഴ്ച വൈകുന്നേരം പത്തോടെയാണ് സംഭവം.
മാങ്ങാനം സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ആളെ ഇറക്കിയതിന് ശേഷം തിരികെ പോകുന്നതിനിടെയാണ് അപകടം. വഴി പരിചയമില്ലാത്ത ഡ്രൈവര്‍ തിരികെ പോകുന്നതിനിടയില്‍ സംരക്ഷണ സംവിധാനമില്ലാത്ത ആറ്റിലേക്ക് മറിയുകയായിരുന്നു. പോള നിറഞ്ഞു കിടക്കുന്ന ആറ്റിലേക്കുവീണ ഓട്ടോറിക്ഷയില്‍ നിന്നു ഡ്രൈവര്‍ സാഹസികമായി രക്ഷപ്പെട്ടു.
ഓട്ടോറിക്ഷ ആറ്റിലേക്ക് വീണ ശബദംകേട്ട് സമീപവാസികള്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. കോട്ടയത്തു നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘം ആറ്റില്‍ തെരച്ചില്‍ നടത്തുകയും മറ്റാരും അപകടത്തില്‍ പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്തതിന് ശേഷം ഓട്ടോറിക്ഷ കരയ്ക്ക് കയറ്റി.