കപിലിന് ജന്മനാട് കണ്ണീരോടെ വിടനൽകി
1549273
Friday, May 9, 2025 7:55 AM IST
വൈക്കം: മൂകാംബികയിൽ പുഴയിൽ മുങ്ങി മരിച്ച സിനിമ ജൂണിയർ ആർട്ടിസ്റ്റ് വൈക്കം പള്ളിപ്രത്തുശേരി പട്ടശേരി മൂശാറത്തറ ഫൽഗുനന്റെ മകൻ എം.എഫ്.കപിലി(32)ന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ രാവിലെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നൂറുകണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാന നോക്കു കാണാനായി കാത്തുനിന്നത്.നാട്ടിലെയും ബന്ധുക്കളുടെയും വിവാഹം, മരണം തുടങ്ങി എല്ലാകാര്യങ്ങളിലും മുന്നിൽ നിന്നു സഹായിച്ചിരുന്ന കപിലിന്റെ അകാലവിയോഗം നാടിനാകെ നൊമ്പരമായി.
ഹ്രസ്വ ചിത്രങ്ങളിലെയും റീൽസുകളിലെയും പ്രകടനത്തിലൂടെ വലിയ ആരാധകവൃന്ദത്തെ കപിൽ നേടിയിരുന്നു. കാന്താര-2 എന്ന കന്നഡ സിനിമയിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് കപിൽ സുഹൃത്തുക്കളുമായി മൂകാംബികയിലെത്തിയത്. സിനിമയോട് കടുത്ത പ്രണയത്തിലായിരുന്ന കപിലിന് സിനിമയിൽ ലഭിച്ച അവസരം വിനിയോഗിക്കുന്നതിനു മുമ്പേ രംഗമൊഴിയേണ്ടി വന്നത് ഉറ്റവർക്കും സുഹൃത്തുക്കൾക്കും കനത്ത ആഘാതമായി.
മൂകാംബിയിൽ ചൊവ്വാഴ്ച വൈകുന്നേരം നാലോടെ സുഹൃത്തുക്കളുമായി പുഴിയിൽ കുളിക്കുന്നതിനിടയിൽ കപിൽ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളും മറ്റും ചേർന്ന് ഉടൻ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.