പിആര്‍എസ് സ്വീകരിക്കുന്നില്ല : നെല്‍കര്‍ഷകര്‍ ഇന്ന് കനറാ ബാങ്ക് വളയും
1549260
Friday, May 9, 2025 7:46 AM IST
ചങ്ങനാശേരി: സംഭരിച്ച നെല്ലിന്റെ പിആര്‍എസ് സ്വീകരിക്കാത്ത കനറാ ബാങ്കിന്റെ നയത്തിലും പിആര്‍എസ് സ്വീകരിച്ചിട്ട് പണം നല്‍കാത്ത എസ്ബിഐയുടെ നയത്തിലും പ്രതിഷേധിച്ച് നെല്‍കര്‍ഷക സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10ന് ചങ്ങനാശേരി മാര്‍ക്കറ്റ് റോഡിലുള്ള കനറാ ബാങ്കിലേക്ക് നെല്‍കര്‍ഷകരുടെ മാര്‍ച്ചും ധര്‍ണയും നടത്തും.
കേന്ദ്രം വര്‍ധിപ്പിച്ച തുകയായ ക്വിന്റലിന് 32.32 രൂപ നല്‍കുക, കിഴിവ് കൊള്ള അവസാനിപ്പിക്കുക, പമ്പിംഗ് സബ്സിഡി കുടിശിക നല്‍കുക, കൈകാര്യച്ചെലവ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നെല്‍ കര്‍ഷക സംരക്ഷണ സമിതി ധര്‍ണയില്‍ ഉന്നയിക്കുമെന്ന് സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി, പ്രസിഡന്റ് റജീന അഷറഫ്, ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് എന്നിവര്‍ അറിയിച്ചു.
പെരുന്ന ബസ് സ്റ്റാന്‍ഡില്‍നിന്നും ആരംഭിക്കുന്ന മാര്‍ച്ച് കവലയിലൂടെ ബാങ്കിനുമുമ്പില്‍ എത്തിച്ചേര്‍ന്ന ശേഷമാണ് ധര്‍ണ നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എസ്ബിഐ, കാനറാ ബാങ്ക് ശാഖകള്‍ക്കു മുമ്പിലും സിവില്‍ സപ്ലൈസ്, പാഡി, കൃഷി ഓഫീസുകള്‍ക്കു മുമ്പിലും കര്‍ഷകര്‍ കരിങ്കൊടി ഉയര്‍ത്തി സമരങ്ങള്‍ സംഘടിപ്പിക്കും.