ഗ്രാമീണ കാര്‍ഷിക-അക്വാ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങി മാഞ്ഞൂര്‍ പഞ്ചായത്ത്
1549278
Friday, May 9, 2025 7:55 AM IST
കടുത്തുരുത്തി: സുസ്ഥിര ടൂറിസം വികസനം ലക്ഷ്യമിട്ട് സംയോജിത ഗ്രാമീണ കാര്‍ഷിക-അക്വാ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങി മാഞ്ഞൂര്‍ പഞ്ചായത്ത്. കാഴ്ചകള്‍ ഒരുക്കുന്നതിനും ടൂറിസം വളര്‍ച്ചയ്ക്കുമൊപ്പം പഞ്ചായത്തിനും ഇവിടത്തെ ജനങ്ങള്‍ക്കും വരുമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക.
പഞ്ചായത്തിലെ ടൂറിസം സാധ്യതകളെക്കുറിച്ച് എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് നടത്തിയ പഠനത്തത്തുടര്ന്ന് തയാറാക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ട്(ഡിപിആര്‍) പഞ്ചായത്തിന് കൈമാറി. മാഞ്ഞൂര്‍ പഞ്ചായത്തും യൂണിവേഴ്സിറ്റി ടൂറിസം വിഭാഗവും തമ്മില്‍ കരാറിലെത്തിയാല്‍ പദ്ധതി നടപ്പാക്കാനാകും. പദ്ധതി നടപ്പായാല്‍ 1400 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കും.
ഭൂമിയും കെട്ടിടങ്ങളും വില കൊടുത്ത് വാങ്ങുന്നതിനു പകരം ഇവയെല്ലാം വരുമാനമായി നിശ്ചിത തുക നല്‍കാമെന്ന കരാറിലാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന 2500നടുത്ത് കുടുംബങ്ങളുടെ വെറുതേ കിടക്കുന്ന ഭൂമിയും വസ്തുക്കളും തദ്ദേശീയരുടേതിനൊപ്പം പദ്ധതിക്കായി പ്രയോജനപ്പെടുത്താനാകും.
പദ്ധതി വിവരം
പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളെയും ഗ്രാമീണ കാര്‍ഷിക-അക്വാ ടൂറിസം പദ്ധതിയുടെ ഭാഗമാക്കും. 15 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. ഘട്ടംഘട്ടമായി ഫണ്ട് ചെലവിട്ടാകും പദ്ധതി പൂര്‍ണ പ്രവര്‍ത്തനക്ഷമമാക്കുക. ആദ്യഘട്ടമായി 46 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
പദ്ധതി മുഴുവനായും നടപ്പായാല്‍ 90 കോടി രൂപ വാര്‍ഷിക വരുമാനം പ്രതീക്ഷിക്കുന്ന രീതിയിലാണ് പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിയറ്റ്നാം, ജപ്പാന്, തായ്ലന്ഡ്, ചൈന, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ ടൂറിസം പദ്ധതികളുടെ മാതൃകയിലാണ് ഇവിടെ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാടശേഖരങ്ങളും തോടുകളും കുളങ്ങളും നിറഞ്ഞ പ്രദേശമാണ് മാഞ്ഞൂര്‍. എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ടൂറിസം വകുപ്പ് മേധാവി ടോണി കെ.തോമസ്, ഡയറക്ടര്‍ ഡോ. റോബിനറ്റ് ജേക്കബ്, പ്രൊജക്ട് ഓഫീസര്‍ റിയാസ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്തിന്റെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ചാണ് പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
പദ്ധതിയുടെ നടപ്പാക്കല്‍
മാഞ്ഞൂര്‍ ടൂറിസം വികസന അഥോറിറ്റി രൂപീകരിക്കും. ജപ്രതിനിധികളും യൂണിവേഴ്സിറ്റി ടൂറിസം വിഭാഗം ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടൂറിസം രംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാകും ഇത് നിയന്ത്രിക്കുക. ഇതിന് പൊതുവായി പോര്‍ട്ടല്‍ ഉണ്ടാകും. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തങ്ങളുടെ വസ്തുവോ കെട്ടിടമോ, ഉപകരണങ്ങളോ പദ്ധതിക്കായി വിട്ടുനല്‍കാനാകും.
അതിലൂടെ വരുമാനവും സ്വന്തമാക്കാം. ഇതില്‍ ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം പഞ്ചായത്തിന് വരുമാനമായി ലഭിക്കും. ഇതിലൂടെ സ്വയംപര്യാപ്തതയിലേക്ക് പഞ്ചായത്തിന് എത്താനും ആകുമെന്നാണ് പ്രതീക്ഷ.