കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിര്‍മാണം : പെരുന്ന മുതല്‍ മതുമൂല വരെയുള്ള ഗതാഗതക്കുരുക്കിനു പരിഹാരം കാണണം
1549280
Friday, May 9, 2025 8:00 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിര്‍മാണം നടക്കുന്ന സാഹചര്യത്തില്‍ പെരുന്ന മുതല്‍ മതുമൂലവരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.
കോട്ടയം ഭാഗത്തേക്കുള്ള ബസുകള്‍ക്ക് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുമ്പിലും തിരുവല്ല ഭാഗത്തേക്കുള്ള ബസുകള്‍ക്ക് മുനിസിപ്പല്‍ കാര്യാലയത്തിനു മുമ്പിലും നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുകയാണ്.
കെഎസ്ആര്‍ടിസി ബസുകള്‍ക്കൊപ്പം സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി സ്റ്റേഷനു മുമ്പില്‍ നിര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ പകല്‍സമയങ്ങളില്‍ ഗതാഗതക്കുരുക്കും തിരക്കും പതിവാണ്.
ഇത് ഏറെത്തിരക്കുള്ള എന്‍എച്ച്-183 (എംസി റോഡ്)ല്‍ പെരുന്ന മുതല്‍ മതുമൂല വരെയുള്ള ഭാഗത്ത് ഗതാഗതം കുരുങ്ങുന്നത് പതിവാകുന്നുണ്ട്. ഈ വിഷയം പഠിച്ച് ചര്‍ച്ച ചെയ്തു പരിഹരിക്കാൻ നഗരസഭയുടെ നേതൃത്വത്തില്‍ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, പൊതുമരാമത്ത്, വൈദ്യുതി, രാഷ്ട്രീയ പ്രതിനിധികള്‍, ട്രേഡ് യൂണിയന് നേതാക്കള്‍ തുടങ്ങിയവരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
ഭാരവാഹനങ്ങളും ആംബുലന്‍സുകളും ബൈപാസുവഴി തിരിച്ചുവിടണം
>തിരുവല്ല ഭാഗത്തുനിന്നു കോട്ടയത്തേക്കും കോട്ടയം ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്കും പോകേണ്ട ഭാരവാഹനങ്ങളും ആംബുലന്‍സുകളും ചങ്ങനാശേരി ബൈപാസുവഴി തിരിച്ചുവിടണം.
>പെരുന്ന മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന് വരെ റോഡിന്റെ വശങ്ങളിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കണം. ഈ ഭാഗത്ത് ഓട്ടോകളുടെ യുടേണ്‍ നിരോധിക്കണം.
>കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രണത്തിനും യാത്രക്കാരെ സുരക്ഷിതരായി റോഡ് കുറുകെ കടത്തുന്നതിനും പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം.
റോഡില്‍ ഡിവൈഡറുകളും സീബ്രാലൈനുകളും സ്ഥാപിക്കണം
>ടാറിംഗ് പൂര്‍ത്തിയാക്കിയ എന്‍എച്ച്-183 (എംസി റോഡ്)ല്‍ പൂര്‍ണമായും പെരുന്ന എന്‍എസ്എസ് ജംഗ്ഷന് മുതല്‍ മതുമൂലവരെയുള്ള ഭാഗത്ത് അടിയന്തരമായും ഡിവൈഡര്‍ ലൈനും സീബ്രാ ക്രോസിംഗുകളും സ്ഥാപിക്കാന്‍ പൊതുമരാമത്തു വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കണം.
>യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നതിനായി കെഎസ്ആര്‍ടിസി, മുനിസിപ്പല്‍ ജംഗ്ഷനുകളില്‍ സജ്ജമാക്കിയ കാത്തിരിപ്പു കേന്ദ്രങ്ങളില്‍ സ്പോണ്‍സര്‍മാരുടെ സഹായത്തോടെ കുടിവെള്ളം ഉറപ്പുവരുത്തണം. ഇവിടെ രാത്രികാലങ്ങളില്‍ വെളിച്ചം ലഭ്യമാക്കണം.
>പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങളും കര്‍ശനമാക്കണം.