സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലെ ശുചിമുറികള്‍ ആറു വര്‍ഷമായി അടഞ്ഞുകിടക്കുന്നു
1548714
Wednesday, May 7, 2025 10:40 PM IST
പാലാ: അഞ്ചു ലക്ഷം രൂപ ചെലവാക്കി പാലാ നഗരസഭ നിര്‍മിച്ച സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലെ ശുചിമുറികള്‍ കാടുകയറി നശിക്കുന്നു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യപ്രകാരം 2019ല്‍ അഞ്ചു ലക്ഷം രൂപ ശുചിത്വ മിഷന് ഫണ്ടില്‍നിന്ന് അനുവദിച്ച് നിര്‍മിച്ചതാണ് അഞ്ചു മുറികളുള്ള കംഫര്‍ട്ട് സ്റ്റേഷന്. എന്നാല്‍, കഴിഞ്ഞ ആറു വര്‍ഷത്തോളമായി ഇവ അടഞ്ഞുകിടക്കുകയാണ്.
കംഫര്‍ട്ട് സ്റ്റേഷന് തകര്‍ന്ന അവസ്ഥയിലാണ്. സിവില്‍ സ്റ്റേഷനിലെത്തുന്ന ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് ശുചിമുറി സ്ഥാപിച്ചിരുന്നത്.
വകുപ്പുകള്‍ തമ്മില്‍
ഏകോപനമില്ല
ശുചിമുറികള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വെള്ളം നല്കാന് ജലവിതരണ വകുപ്പ് തയാറായിട്ടില്ല. അതോടൊപ്പം വൈദ്യുതിയും ലഭിച്ചിട്ടില്ല. സിവില്‍ സ്റ്റേഷനിലെ റവന്യു വകുപ്പ് അധികാരികളുടെ പിടിവാശിയും ഉത്തരവാദിത്വക്കുറവുമാണ് നൂറുകണക്കിന് ആളുകള്‍ക്കു പ്രയോജനപ്പെടുമായിരുന്ന ശുചിമുറിയെ ഇല്ലാതാക്കിയതെന്നു നാട്ടുകാര്‍ പറയുന്നു.
നഗരസഭ നിര്‍മിച്ചു നല്കിയ ശൗചാലയങ്ങളിലേക്ക് ആവശ്യമായ വെള്ളം നല്‍കാനോ വൈദ്യുതി നല്‍കാനോ വൃത്തിയായി സൂക്ഷിക്കുന്നതിനു ജീവനക്കാരെ വയ്ക്കാനോ റവന്യു വകുപ്പ് തയാറായില്ല. ഇക്കാര്യങ്ങളെല്ലാം നഗരസഭ ചെയ്തു നല്‍കണമെന്ന വാശിയിലാണ് റവന്യു വകുപ്പ്.
സിവില്‍ സ്റ്റേഷന്റെ കോമ്പൗണ്ടിലിരിക്കുന്ന ശൗചാലയത്തിലേക്കു മുനിസിപ്പാലിറ്റിയുടെ പേരില്‍ വെള്ളം നല്കാന് ജലവകുപ്പും തയാറായില്ല.
സിവില്‍ സ്റ്റേഷനിലേക്കുള്ള കണക്ഷനില്‍നിന്നു വെള്ളം നല്കാന് നഗരസഭ ആവശ്യപ്പെട്ടു. ഇതിനു ഫീസ് ഈടാനും അനുവാദം നല്കി.
എന്നാല്‍, റവന്യു ഉദ്യോഗസ്ഥര്‍ നിരസിക്കുകയായിരുന്നു. കൂടാതെ ഇവയെല്ലാം നഗരസഭ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ നഗരസഭയ്ക്കു കത്ത് നല്കുകയാണുണ്ടായത്. ഇതോടെ പദ്ധതി വിസ്മൃതിയിലാവുകയായിരുന്നു.
സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരും നാട്ടുകാരും പാലാ പൗരസമിതി പ്രവര്‍ത്തകരും നിരന്തരം നഗരസഭയുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്നപരിഹാരമായില്ല. വിവരാവകാശ പരാതിയില്‍ നഗരസഭ നല്കിയ മറുപടിയിലാണ് റവന്യു ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥ പുറത്തുവന്നിരിക്കുന്നത്.