വേമ്പനാട്ടുകായല്‍ ശുചീകരണത്തിന് 188 കോടിയുടെ പദ്ധതി
1548721
Wednesday, May 7, 2025 11:52 PM IST
കോട്ടയം: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ അതിരിടുന്ന വേമ്പനാട്ടുകായല്‍ ശുചീകരണത്തിന് 188 കോടി രൂപയുടെ വന്‍ പദ്ധതി.
ശുചീകരണം, ആഴംകൂട്ടല്‍ തുടങ്ങിയ ലക്ഷ്യമിടുന്ന പഞ്ചവത്സര പദ്ധതി ആലപ്പുഴ ജില്ലാ ഭരണകൂടമാണ് നടപ്പാക്കുന്നത്. മലിനീകരണവും കൈയേറ്റവും മൂലം വേമ്പനാട്ടുകായല്‍ വിസ്തൃതിയില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്.
നിലവില്‍ 290 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതി രേഖയിലുണ്ടെങ്കിലും 200 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലേക്ക് കായല്‍ ചുരുങ്ങി. കുട്ടനാട് പാക്കേജിനുശേഷം കായല്സംരക്ഷണം ലക്ഷ്യമാക്കി നടത്തുന്ന വിപുലമായ പദ്ധതിയാണിത്. പ്ലാസ്റ്റിക് നിര്‍മാര്‍ജനം, അധിനി വേശകളകളുടെ നീക്കം ചെയ്യല്‍, മണ്‍ബണ്ട് നിര്‍മാണം, തോടുകളുടെ ആഴംകൂട്ടല്‍ തുടങ്ങിയ പദ്ധതിയില്‍പ്പെടുന്നു.
നാലു മീറ്റര്‍ മുതല്‍ ആറു മീറ്റര്‍ വരെ ചെളിയടിഞ്ഞതിനാല്‍ കായലിന്റെ ജലശേഷിയില്‍ വലിയ കുറവുണ്ടായി. രാസവളം, കീടനാശിനി എന്നിവയുടെ അനിയന്ത്രിത ഉപയോഗം ജലമലിനീകരണത്തിന് ആക്കം കൂട്ടി. ആവാസവ്യവസ്ഥയെ വീണ്ടെടുക്കാനും ജൈവകൃഷി വ്യാപകമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ആവാസവ്യവസ്ഥയ്ക്കും കൃഷിക്കും പരിസ്ഥിതിക്കും ഭീഷണിയായ പോളയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാനും ലക്ഷ്യമിടുന്നു. ടൂറിസം, ഉള്‍നാടന്‍ മത്സ്യകൃഷി എന്നിവയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തും. അടുത്തയിടെ വേമ്പനാട്ടുകായലില്‍നിന്ന് 28 ടണ്‍ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തിരുന്നു. ഒരേ സമയവും കൂറ്റന്‍ ട്രഡ്ജറുകള്‍ എത്തിച്ചും മനുഷ്യശേഷി പ്രയോജനപ്പെടുത്തിയും പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
150 ഇനം മത്സ്യങ്ങളുള്ള വേമ്പനാട് കായലില്‍നിന്ന് നാലായിരം ടണ്‍ മത്സ്യം പ്രതിവര്‍ഷം ലഭിക്കുന്നു.
രണ്ടു ലക്ഷത്തോളം തൊഴിലാളികളുടെ വരുമാനമാണ് മത്സ്യബന്ധനവും കക്കാവാരലും കയര്‍ നിര്‍മാണവും.
മണിമല, പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍, മൂവാറ്റുപുഴ നദികള്‍ വേമ്പനാട് കായലില്‍ വന്നുചേരുന്നു.