ഇടമലക്കുടിയിലേക്ക് റോഡ് യാഥാർഥ്യമാകുന്നു
1297853
Sunday, May 28, 2023 2:31 AM IST
തൊടുപുഴ: പതിറ്റാണ്ടുകളായി ഇടമലക്കുടിക്കാരുടെ സ്വപ്നമായ കോണ്ക്രീറ്റ് റോഡ് യാഥാർഥ്യമാകുന്നു. ഇടമലക്കുടിയിലേക്കുള്ള കോണ്ക്രീറ്റ് റോഡിന്റെ നിർമാണോദ്ഘാടനം നാളെ മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. ഇടലിപ്പാറക്കുടിയിൽ നടക്കുന്ന പരിപാടിയിൽ എ.രാജ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാകും. ഡീൻ കുര്യക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.
പെട്ടിമുടി മുതൽ സൊസൈറ്റിക്കുടിവരെ 12.5 കിലോമീറ്റർ ദൂരത്തിലാണ് വനത്തിലൂടെ റോഡ് നിർമിക്കുന്നത്. പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 18.45 കോടി ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് മൂന്ന് മീറ്റർ വീതിയിൽ റോഡ് നിർമിക്കുക. പെട്ടിമുടി മുതൽ ഇടലിപ്പാറ വരെ 7.5 കിലോമീറ്റർ, സൊസൈറ്റിക്കുടി വരെ 4.75 കിലോമീറ്റർ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് നിർമാണം.
ഇടമലക്കുടിയിലേക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പ്രവൃ ത്തികൾ പുരോഗമിക്കുകയാണ്. 4.37 കോടി ചെലവിൽ മൂന്നാറിൽ നിന്നും 40 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ചാണ് കണക്ടിവിറ്റി ഒരുക്കുന്നത്. ബിഎസ്എൻഎലിനാണ് നിർമാണച്ചുമതല. റോഡും നെറ്റ് കണക്ടിവിറ്റിയും പൂർത്തിയാകുന്നതോടെ പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം പൂർണമായും ഇടമലക്കുടിയിലേക്ക് മാറ്റാൻ കഴിയും. നിലവിൽ കുടിയിൽനിന്ന് 38 കിലോമീറ്റർ അകലെ ദേവികുളത്താണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്.