കാട്ടാനയുടെ ആക്രമണത്തിൽ വനിതാതൊഴിലാളിക്ക് ഗുരുതര പരിക്ക്
1549025
Friday, May 9, 2025 12:08 AM IST
മൂന്നാർ: കാട്ടാനയുടെ ആക്രമണത്തിൽ വനിതാ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നാർ കെഡിഎച്ച്പി കന്പനി കല്ലാർ ഫാക്ടറി ഡിവിഷൻ സ്വദേശിയായ ഷൈനി സെൽസനാണ്് (48) പരിക്കേറ്റത്.
മറ്റു തൊഴിലാളികളോടൊപ്പം നടന്നുവരുന്നതിനിടെ ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ ആന പിൻവാങ്ങുകയായിരുന്നു. ഉടൻ തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി കല്ലാർ എസ്റ്റേറ്റിലെ ജനവാസ മേഖലകളിൽ കാട്ടാന എത്തുന്നത് പതിവായിരുന്നു. മേഖലയിൽ പുലിയുടെയും കടുവയുടെയും സാന്നിധ്യവുമുണ്ട്.
തൊഴിലാളികളുടെ ആശങ്ക വർധിപ്പിക്കുന്ന രീതിയിൽ വന്യജീവി സാന്നിധ്യം വർധിക്കുകയാണ്. കല്ലാർ ഡിവിഷന്റെ ഭാഗമായ പുതുക്കാടിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നാലു വളർത്തുമൃഗങ്ങൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
കന്പനി ഉടമകളും വനംവകുപ്പ് ഉദ്യോഗസ്ഥരും അടിയന്തര നടപടി സ്വീകരിക്കമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.