വിനോദസഞ്ചാരികളുടെ കാർ മറിഞ്ഞ് ഒന്‍പതു പേർക്ക് പരിക്ക്
1548179
Monday, May 5, 2025 11:56 PM IST
മറയൂർ: വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്കു മറിഞ്ഞു ഒന്‍പതു പേർക്ക് പരിക്ക്. മലപ്പുറം താന്നൂർ മൂലക്കൽ സ്വദേശികളായ മുഹമ്മദ് ഫർദിൻ (17), ദിൽഷാദ് (18), റിനാസ്ബാബു (18), നിഹാദ് (16), അൻഫാസ് (18), മുഹമ്മദ് നാസിൽ അജിനാസ് (19), ലാഷിം (18) ശഹാബാസ് (18), ഫറാൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ മുഹമ്മദ് നാസിൽ അജിനാസ്, റിനാസ് ബാബു എന്നിവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ മൂന്നാർ ടാറ്റ ടീ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മറയൂർ-മൂന്നാർ നോർത്തേണ്‍ ഒൗട്ട്ലെറ്റ് റോഡിൽ വാഗുവരൈ ബസാർ ഡിവിഷനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. മലപ്പുറത്തുനിന്നു മൂന്നാർ വഴി കാന്തല്ലൂർ സന്ദർശിക്കാൻ പോകുന്നതിനിടെ ബസാറിന് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട വാഹനം വഴിയോരത്തെ വേലിക്കല്ലുകൾ തകർത്ത് സമീപത്തെ തേയിലത്തോട്ടത്തിലേക്കു മറിയുകയായിരുന്നു.
രണ്ടു പ്രാവശ്യം കുത്തനെ മറിഞ്ഞവാഹനം തേയിലച്ചെടിയിൽ തങ്ങിനിൽക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ സമീപത്ത് തേയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളും സമീപവാസികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.