തെരുവുനായ ആക്രമണം രൂക്ഷം: കൈ മലർത്തി അധികൃതർ
1548482
Wednesday, May 7, 2025 12:13 AM IST
തൊടുപുഴ: ഓരോ വർഷം കഴിയുന്പോഴും ജില്ലയിൽ തെരുവുനായ്ക്കളുടെയും ഇവയുടെ കടിയേൽക്കുന്നവരുടെയും എണ്ണം വർധിക്കുന്നു. വന്ധ്യംകരണ പ്രക്രിയകൾ നിലച്ചതോടെ ജില്ലയിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളുടെ എണ്ണത്തിൽ വലിയ വർധയുണ്ടായതായാണ് സൂചന. എന്നാൽ വളർത്തുനായകളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാകാനിടയില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു.
ഓരോ അഞ്ചു വർഷം കൂടുന്പോഴാണ് നായ്ക്കളുടെ കണക്കെടുപ്പ് നടക്കുന്നത്. 2019ൽ നടന്ന സെൻസസ് പ്രകാരം ജില്ലയിൽ 7375 തെരുവു നായകളെ കണ്ടെത്തിയെന്നാണ് കണക്ക്. വളർത്തുനായകൾ 55,354 എണ്ണം ഉണ്ടെന്നും സെൻസസിൽ കണ്ടെത്തി. ഇതിനു ശേഷം 2025-ലാണ് നായകളുടെ കണക്കെടുപ്പ് നടന്നത്. സെൻസസ് പൂർത്തിയായി കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും തെരുവുനായകളുടെ എണ്ണത്തിൽ വലിയ തോതിൽ വർധന ഉണ്ടായതായാണ് സൂചന.
നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023-ൽ 7907 പേർക്കാണ് ജില്ലയിൽ നായ്ക്കളുടെ കടിയേറ്റത്. 2024-ൽ 6144 പേരാണ് കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്.
ഈ വർഷം മേയ് ആറു വരെ 2025 പേർക്കാണ് കടിയേറ്റത്. ഈ മാസം ആറു ദിവസത്തിനുള്ളിൽ 122 പേർക്കു നേരെയാണ് നായ്ക്കളുടെ ആക്രമണുണ്ടായത്. ഇതിലേറെയും കുട്ടികളാണെന്ന കാര്യമാണ് ഏറെ വേദനാജനകം. നായ്ക്കളെ കണ്ട് ഭയപ്പെട്ടോടുന്ന കുട്ടികളെ ഇവ കൂട്ടത്തോടെ പിന്നാലെയെത്തിയാണ് കടിച്ചുപരിക്കേൽപ്പിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ കണക്കാണിത്.
സ്വകാര്യ ആശുപത്രികളിലും ജില്ലയ്ക്കു പുറത്തുള്ള ആശു പത്രികളിലും ചികിൽസ തേടിയെത്തുന്നവരെക്കൂടി കണക്കാക്കിയാൽ എണ്ണം ഇതിലും പതിൻമടങ്ങാകും.
തെരുവുനായ്ക്കളുടെ ശല്യം ക്രമാതീതമായി കൂടുന്പോഴും ആരോട് പരാതി പറയുമെന്നാണ് ജനങ്ങളുടെ ചോദ്യം. നേരത്തേ നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നു. ഓരോ പഞ്ചായത്തിലും നായ്ക്കളെ പിടികൂടി കൊല്ലുന്നവരും ഉണ്ടായിരുന്നു. എന്നാൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം ഇതിനു തടയിട്ടു. നിലവിൽ തെരുവുനായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ല. അംഗഭംഗം വരുത്തുക, വിഷം വയ്ക്കുക, മൃതപ്രായരാക്കുക എന്നിവയും കുറ്റകരമാണ്. വിവിധ വകുപ്പുകൾ പ്രകാരം അഞ്ചു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും. സ്വയരക്ഷയ്ക്കു വേണ്ടി ആക്രമിക്കാൻ വന്ന നായയെ കൊന്നുവെന്നതിനു തെളിവുണ്ടെങ്കിൽ മാത്രം ശിക്ഷാനടപടികളിൽ ഇളവു നേടാം.
ജില്ലയിൽ നഗര, ഗ്രാമീണ മേഖലകൾ കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തെരുവുനായകളുടെ ശല്യം അനിയന്ത്രിതമാണ്. പല പഞ്ചായത്തുകളുടെയും നിരത്തുകളിൽ നായശല്യം വർധിക്കുന്പോൾ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരുമെങ്കിലും തങ്ങൾ നിസഹായരാണെന്ന് പറഞ്ഞ് ഇവർ കൈയൊഴിയും.
മൂന്നാർ, വാഗമണ് പോലെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പല ഭാഗത്തും നായ്ക്കളുടെ കൂട്ടത്തെ കാണാം. മാലിന്യ നിക്ഷേപമാണ് ഇവിടെ തെരുവുനായകളുടെ എണ്ണം വർധിക്കാനുള്ള കാരണമെന്നും പരാതിയുണ്ട്. വിനോദ സഞ്ചാരകേന്ദ്രങ്ങളിലും മറ്റും റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നതിനാൽ ഇവ ഇവിടെ പതിവായി തന്പടിക്കുന്നു.
തെരുവുനായ നിയന്ത്രണത്തിന് ജില്ലയിൽ ഒരു നടപടിയും ഉണ്ടാകാത്തതാണ് ഇവിടെ ഇവ പെരുകാൻ കാരണമെന്നാണ് ആക്ഷേപം. 2022-ൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നായ്ക്കളുടെ ആനിമൽ ബർത്ത് കണ്ട്രോൾ പ്രകാരം നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എബിസി സെന്റർ ഒരുക്കി പദ്ധതി നടപ്പാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ജില്ലയിൽ പദ്ധതി നടപ്പായില്ല. രണ്ട് ബ്ലോക്കുകൾക്കായി ഒരു എബിസി സെന്റർ തുടങ്ങാൻ ലക്ഷ്യമിട്ടെങ്കിലും പ്രാദേശിക എതിർപ്പുമൂലം പദ്ധതി നടപ്പായില്ല. പിന്നീട് ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗിച്ച് ജില്ലാ ആസ്ഥാനത്ത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എബിസി സെന്റർ നിർമിക്കാൻ തീരുമാനിച്ചെങ്കിലും ഇവിടുത്തെ മരങ്ങൾ മുറിച്ചുമാറ്റിയതും ടെൻഡർ നടപടികൾ പൂർ ത്തിയായതും മാത്രമാണ് ആകെയുണ്ടായ നടപടി. പദ്ധതി വേഗത്തിലാക്കാനായി സമ്മർദ്ദം ചെലുത്താൻ തദ്ദേശ സ്ഥാപനങ്ങളും വലിയ താത്പര്യ കാട്ടുന്നില്ലെന്നതാണ് വസ്തുത.
വാക്സിൻ ലഭ്യമാണ്
ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും നായ്ക്കളുടെ കടിയേറ്റാൽ നൽകുന്ന ആന്റി റാബിസ് വാക്സിൻ ലഭ്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികളിലും ഇമ്യൂണോ ഗ്ലോബുലിൻ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് പ്രതിരോധ വാക്സിൻ സ്വീകരിച്ച കുട്ടികളാണ് കഴിഞ്ഞദിവസം പേ വിഷബാധയേറ്റ് മരിച്ചത്.
നഷ്ടപരിഹാരം എങ്ങനെ
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നഷ്ടപരിഹാരം ലഭ്യമാ ക്കുന്നതിനായി സുപ്രീം കോടതി നിർദേശപ്രകാരം ജസ്റ്റിസ് സിരി ജഗൻ അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചെങ്കിലും നിലവിൽ പ്രവർത്തനം മന്ദഗതിയിലാണ്.
തെരുവുനായ ആക്രമണത്തിന് ഇരയായ വ്യക്തി എല്ലാ കാര്യങ്ങളും വ്യക്തമായി വെള്ളക്കടലാസിൽ എഴുതി അപേക്ഷ സമർപ്പിക്കണം. ചികിത്സ നടത്തിയ ആശുപത്രിയിലെ ബില്ലുകൾ, ഒപി ടിക്കറ്റ്, മരുന്നുകളുടെ ബിൽ തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. സമിതി നിർദേശിക്കുന്ന നഷ്ടപരിഹാരത്തുക പരാതിക്കാരൻ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണു നൽകുന്നത്. ഇത്തരത്തിൽ അപേക്ഷ നൽകി ഏറെ പേരാണ് നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നത്.
ശാശ്വത പരിഹാരം കണ്ടെത്തണം: കത്തോലിക്ക കോൺഗ്രസ്
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികളടക്കം ഏഴുപേർ മരിക്കാനിടയായ സംഭവം അത്യന്തം ഉത്കണ്ഠാജനകമാണെന്നും തെരുവുനായശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതി ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 2022ൽ 21 പേരും 2022ൽ 50ഉം 2024ൽ 54 പേരും പേവിഷ ബാധയേറ്റു മരിച്ചു. ഈ വർഷം ഇതുവരെ 14 പേരാണ് മരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞവർഷം നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് 3.16 ലക്ഷം പേരാണ്. ഓരോ വർഷവും ഇത്രയധികം പേർക്ക് നായയുടെ കടിയേൽക്കുകയും അവരിൽ ചിലർ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന കേരളത്തിലെ സ്ഥിതി നടുക്കമുളവാക്കുന്നതാണ്. പ്രതിരോധ വാക്സിൻ എടുത്തിട്ടും രോഗികൾ മരിക്കാനിടയാവുന്നത് അതീവ ഗുരുതര സാഹചര്യമാണ്.
വാക്സിനുകൾ കൈകാര്യം ചെയ്യുന്നതിലെ അപാകതയും കുത്തിവയ്പ്പ് എടുക്കുന്നതിലെ പാളിച്ചകളും അന്വേഷണ വിധേയമാക്കണം. തെരുവ്നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കാൻ ആവിഷ്കരിച്ച വന്ധ്യംകരണ പദ്ധതിയായ ആനിമൽ ബർത്ത് കൺട്രോൾ (എബിസി) ഇഴയുന്നത് പ്രശ്നം സങ്കീർണമാക്കിയിട്ടുണ്ട്.
പേവിഷ ബാധയ്ക്കെതിരേയുള്ള വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ചുയർന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്നും എബിസി പദ്ധതി ഫലപ്രദമായി നടപ്പാക്കാനുള്ള ആത്മാർഥമായ ശ്രമങ്ങൾ സർക്കാർതലത്തിൽ ഉണ്ടാവണമെന്നും കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആവശ്യപ്പെട്ടു.