അവഗണനയിൽ ചരിത്രമുറങ്ങുന്ന കല്ലാർകുട്ടിയിലെ തോട്ടാപ്പുര
1547922
Sunday, May 4, 2025 11:31 PM IST
അടിമാലി: ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന ചരിത്ര അവശേഷിപ്പുകളുമായി കല്ലാർകുട്ടിക്ക് സമീപത്തെ തോട്ടാപ്പുര. അവഗണനയ്ക്കു നടുവിലാണ് ഈ ചരിത്ര സ്മാരകം. കല്ലാർകുട്ടി - വെള്ളത്തൂവൽ റോഡ് കടന്നു പോകുന്നത് പാറയ്ക്കുള്ളിലെ ഈ ചരിത്രാവശേഷിപ്പിന്റെ മുകളിലൂടെയാണ്.
പാതയോരത്തുനിന്നു പടിക്കെട്ടുകൾ ഇറങ്ങി താഴ്ഭാഗത്തെത്തിയാൽ മീറ്ററുകളോളം ഉള്ളിലേക്ക് പാറ തുരന്ന് നിർമിച്ചിട്ടുള്ള വലിയൊരു തുരങ്കം കാണാം.
തുരങ്കത്തിനുള്ളിലൂടെ സഞ്ചരിച്ചാൽ മീറ്ററുകൾക്കപ്പുറം ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന വിശാലമായ വലിയ രണ്ട് മുറികൾക്കുള്ളിൽ എത്തും.
ചരിത്രമുറങ്ങുന്ന തോട്ടാപ്പുരയെ പ്രാധാന്യം നൽകി സംരക്ഷിച്ച് വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കൂരാക്കൂരിരുട്ട് നിറഞ്ഞ ഗുഹയ്ക്കുള്ളിൽ വവ്വാലുകൾ സ്വൈര വിഹാരം നടത്തുന്നു. ബന്ധപ്പെട്ട വകുപ്പുകൾ ചരിത്രപ്രധാന്യം നൽകി തോട്ടാപ്പുരയ്ക്ക് സംരക്ഷണം ഒരുക്കിയാൽ വിനോദസഞ്ചാരികളെ ഇവിടേക്കാകർഷിക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു.
പ്രവേശന ഫീസ് ഏർപ്പെടുത്തിയാൽ മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നതിനപ്പുറം ചരിത്രമുറങ്ങുന്നൊരു നിർമിതിക്ക് അർഹമായ പരിഗണനയും ലഭിക്കും.
പാതയോരത്തുനിന്ന് ഇവിടേക്കെത്താനുള്ള പടിക്കെട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും വിളക്കുകൾ ക്രമീകരിച്ച് തോട്ടാപ്പുരയുടെ ഉൾവശം പ്രകാശമാനമാക്കുകയും ചെയ്താൽ ഈ ചരിത്രാവശേഷിപ്പിനെ സഞ്ചാരികൾക്ക് പുതിയ അനുഭവമാക്കി മാറ്റാൻ കഴിയും.
പ്രവേശന കവാടം കൂടി ആകർഷണീയമാക്കിയാൽ പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് വഴിതുറുക്കും.