മറക്കരുത് സുരക്ഷാ പാഠങ്ങൾ; ജില്ലയിൽ അപകടങ്ങൾ ക്രമാതീതമായി വർധിക്കുന്നു
1547698
Sunday, May 4, 2025 4:31 AM IST
തൊടുപുഴ: അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഹൈറേഞ്ചിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ വാഹനങ്ങളാണ് ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി അപകടത്തിൽപ്പെട്ടത്.
അടിമാലി, മൂന്നാർ, ബൈസണ്‍വാലി, മാങ്കുളം തുടങ്ങി വിനോദ സഞ്ചാര മേഖലകളിലും ഇവയുമായി അടുത്തുകിടക്കുന്ന പ്രദേശങ്ങളിലുമാണ് അപകടങ്ങൾ ഏറുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നും മറ്റുമെത്തി ജില്ലയിലെ മലയോരപാതയുടെ പ്രത്യേകതകളറിയാതെ വാഹനങ്ങൾ ഓടിക്കുന്നതാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്. വാഹനാപകടങ്ങളിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരും നിരവധിയാണ്. എന്നാൽ വാഹനാപകടങ്ങൾ പെരുകിയിട്ടും കൂടുതൽ സുരക്ഷാ മുൻകരുതൽ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
വ്യാഴാഴ്ച ജില്ലയിൽ വിവിധ മേഖലകളിലായി നാല് അപകടങ്ങളാണ് ഉണ്ടായത്. കല്ലാർ കുട്ടി അണക്കെട്ടിനു സമീപം മുതിരപ്പുഴയാറിലേക്ക് കാർ മറിഞ്ഞ് ഫോറസ്റ്റർക്ക് പരിക്കേറ്റിരുന്നു. മാങ്കുളത്തിനു സമീപം വിനോദസഞ്ചാരികൾ യാത്ര ചെയ്ത് ജീപ്പ് അപകടത്തിൽപ്പെട്ട് എട്ടു പേർക്കാണ് പരിക്കേറ്റത്. മച്ചിപ്ലാവ് സെന്റ് ഫ്രാൻസീസ് അസീസി പള്ളിക്കു സമീപം വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു. ബൈസണ്‍വാലി ടീ കന്പനിക്കു സമീപം വിനോദ സഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ട് ആറു പേർക്കാണ് പരിക്കേറ്റത്.
29ന് ബൈസണ്‍വാലി കോമാളിക്കുടിയിലും ഇതേ രീതിയിൽ അപകടം ഉണ്ടായിരുന്നു. മാങ്കുളം-ആനക്കുളം റൂട്ടിൽ പേമരം വളവിൽ 28ന് ട്രാവലർ മറിഞ്ഞ് വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. കഴിഞ്ഞ മാസം 24ന് മൂലമറ്റം-പുള്ളിക്കാനം റൂട്ടിൽ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ തമിഴ്നാട്ടിൽനിന്നു വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ബസ് മാട്ടുപ്പെട്ടിയിൽ നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു വിദ്യാർഥികളുടെ ജീവനാണ് പൊലിഞ്ഞത്. ഡിസംബർ 31ന് കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ ഉല്ലാസ യാത്രയ്ക്കായി വന്ന കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് നാലു പേരാണ് മരിച്ചത്. അന്നേ ദിവസംതന്നെ കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ വർഷം ജില്ലയിൽ ഉണ്ടായത്.
നഗരങ്ങളിലെയും നിരപ്പായ പ്രദേശങ്ങളിലെയും റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേ ശൈലിയിൽ മലന്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളുമുള്ള റോഡുകളിൽ സൈറ്റ് ഡിസ്റ്റൻസ് കുറവായിരിക്കും. ഇത് ഡ്രൈവർമാർ മനസിലാക്കാതെ പോകുന്നതും അപകടത്തിനിടയാക്കും.
സൈറ്റ് ഡിസ്റ്റൻസ് കുറഞ്ഞ റോഡുകൾ ഡ്രൈവർക്ക് പരിചയമില്ലാത്തതാണെങ്കിൽ അപകടസാധ്യത വളരെ കൂടുതലാണ്. ഹിൽസ്റ്റേഷൻ റോഡുകളിൽ സൈറ്റ് ഡിസ്റ്റൻസ് വളരെ കുറവായിരിക്കും.
ഇത്തരം റോഡുകളിൽ മുന്നിലെ വളവിന്റെയോ ഇറക്കത്തിന്റെയോ തീവ്രത അറിയാൻ കഴിയില്ല. എതിർവശത്തു നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല. മുന്നിലെ തടസങ്ങളെ മുൻകൂട്ടി അറിയാൻ കഴിയില്ല. ഇത്തരം ബ്ലൈൻഡ് സ്പോട്ടുകളിലാണ് അപകടങ്ങൾ വർധിക്കുന്നത്.
നാലു മാസം: നിരത്തിൽ പൊലിഞ്ഞത് 46 ജീവൻ
ശരാശരി ഒരു മാസം ചെറുതും വലുതുമായ അൻപതോളം റോഡ് അപകടങ്ങൾ ജില്ലയിൽ ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ . ജനുവരി ഒന്നു മുതൽ ഏപ്രിൽ 20 വരെയുള്ള നാലു മാസത്തെ കണക്കുകൾ പരിശോധിച്ചാൽ ജില്ലയിൽ 381 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 46 പേർ മരണത്തിനു കീഴടങ്ങി. മദ്യപിച്ച് വാഹനമോടിച്ചതിന് നാലു മാസത്തിനിടെ ജില്ലയിൽ പിടികൂടിയ കേസുകൾ 2292 ആണ്. അമിതവേഗതയുമായി ബന്ധപ്പെട്ട് 1841 കേസുകളും എടുത്തു.
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിച്ചതിന് 122 കേസുകളാണ് എടുത്തത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെ ജില്ലയിൽ 1200 ഓളം അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 85 അപകടങ്ങളിലായി 97 പേർക്കാണ് ജീവൻ നഷ്ടമായത്. ആയിരത്തോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഡ്രൈവിംഗിൽ ശ്രദ്ധ വേണം
മുന്നിൽ ഒരു അപകടം ഉണ്ടാകാം എന്ന മുൻവിധിയോടെ ശരിയായ ഗിയറിൽ വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കാനെന്ന് ഗതാഗത വിദഗ്ധർ പറയുന്നു. ഗിയർ ഡൗണ്‍ ചെയ്യാതെ തുടർച്ചയായി ബ്രേക്ക് അമർത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിന്റെ പ്രവർത്തനക്ഷമത കുറയ്ക്കും. ആവശ്യമെങ്കിൽ വളവുകളിൽ ഹോണ്‍ മുഴക്കുക. റോഡ് സൈൻസ് ശ്രദ്ധിക്കുക, വളവുകളിൽ വാഹനം പാർക്കിംഗോ ഓവർടേക്കോ ചെയ്യരുത്. കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കണം.
വാഹനം നിർത്തിയിടുന്പോഴെല്ലാം പാർക്കിംഗ് ബ്രേക്ക് പ്രവർത്തിപ്പിക്കണം. മഴയുള്ളപ്പോഴും കോടമഞ്ഞ് മൂലം കാഴ്ച തടസപ്പെടുന്പോഴും വാഹനം സുരക്ഷിതമായി നിർത്തിയിടണം. ഗൂഗിൾ മാപ്പിന്റെ സഹായത്താൽ അപരിചിതമായ വഴികളിലൂടെ രാത്രികാലങ്ങളിൽ സഞ്ചരിക്കാതിരിക്കുന്നതാണ് നല്ലത്.
യാത്ര തുടങ്ങും മുന്‍പ് ടയർ, ബ്രേക്ക്, വൈപ്പർ എന്നിവയുടെ ക്ഷമത ഉറപ്പ് വരുത്തണം. ഫസ്റ്റ് എയ്ഡ് കിറ്റ് ഒപ്പം കരുതുക, വിശ്രമം ആവശ്യമെന്ന് തോന്നിയാൽ വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരുക. ഇതിനു പുറമേ മറ്റു ജില്ലകൾ, സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്ന് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ആവശ്യമായ ബോധവത്കരണം നടത്തണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.