മലങ്കര ജലാശയത്തിലെ മണലും ചെളിയും നീക്കാൻ അനുമതി
1547913
Sunday, May 4, 2025 11:31 PM IST
മൂലമറ്റം: മലങ്കര ജലാശയത്തിൽ പതിറ്റാണ്ടുകളായി അടിഞ്ഞുകൂടിയ മണ്ണും ചെളിയും മണലും നീക്കം ചെയ്യാൻ മന്ത്രിസഭാ അനുമതിയായതോടെ ജലാശയത്തിന്റെ സംഭരണശേഷി വർധിക്കാൻ സാധ്യതയേറുന്നു. വർഷങ്ങളായി മണലും എക്കലും അടിഞ്ഞുകൂടിയതിനെത്തുടർന്ന് ഡാമിന്റെ സംഭരണശേഷി കുറഞ്ഞിരുന്നു. അണക്കെട്ടിന്റെ പൂർണ സംഭരണശേഷി 36.36 ദശലക്ഷം ഘനമീറ്ററാണ്. എന്നാൽ, കാലാകാലങ്ങളിലായി എക്കലും ചെളിയും മണലും അടിഞ്ഞതിനെത്തുടർന്ന് ഇത് 48.95 ശതമാനമാനത്തോളം കുറഞ്ഞിരുന്നു. സംഭരണശേഷിയുടെ പകുതിയോളമാണ് ഇത്തരത്തിൽ നഷ്ടമായത്.
2021ൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഇത്രയധികം മണ്ണും ചെളിയും ജലാശയത്തിൽ അടിഞ്ഞതായി കണ്ടെത്തിയത്. ഇവ നീക്കംചെയ്യാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചെങ്കിലും ഒട്ടേറെ കടന്പകൾ കടന്നാൽ മാത്രമേ മണ്ണ് നീക്കംചെയ്യാൻ കഴിയുകയുള്ളൂ. സർവേയുടെ അടിസ്ഥാനത്തിൽ 2024ൽ തയാറാക്കിയ ഡിപിആർ പ്രകാരം ചീഫ് ടെക്നിക്കൽ എക്സാമിനർ വീണ്ടും പഠനം നടത്തും. ഇതിനുശേഷം പരിസ്ഥിതി ആഘാതപഠനം പൂർത്തിയാ ക്കിയാൽ മാത്രമേ അന്തിമാനുമതി ലഭിക്കുകയുള്ളൂ.
മൂലമറ്റം മുതൽ മുട്ടം വരെയുള്ള പ്രദേശത്തെ ഒന്‍പത് മേജർ പോയിന്റുകളിൽനിന്നും എട്ട് മൈനർ പോയിന്റുകളിൽനിന്നുമാണ് പ്രധാനമായും മണലും ചെളിയും നീക്കം ചെയ്യേണ്ടത്. 18 ദശലക്ഷത്തോളം ഘനമീറ്റർ ചെളിയും മണ്ണും എക്കലും നീക്കണം. ഈ പ്രവൃത്തി ടേണ്‍ കീ അടിസ്ഥാനത്തിലുള്ള ടെൻഡർ മുഖേനയാണ് നടപ്പാക്കുക. കരാർ ഏറ്റെടുക്കുന്ന കന്പനി ഡീസിൽറ്റേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി സർക്കാറിലേക്ക് പണം അടയ്ക്കുന്നതാണ് ടേണ്‍ കീ സന്പ്രദായം.
മലങ്കര ജലാശയത്തിനു ചുറ്റുമായി ഒട്ടേറെ കുടിവെള്ള പദ്ധതികൾ ഉള്ളതിനാൽ മണ്ണി നീക്കം ചെയ്യാൽ മൂന്നു വർഷമങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മണ്ണും ചെളിയും നീക്കംചെയ്യാൻ 60 കോടി രൂപയോളം ചെലവഴിക്കേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭാഗമായി തൊടുപുഴയ്ക്കു സമീപം മുട്ടത്ത് തൊടുപുഴയാറിനു കുറുകേ നിർമിച്ച ചെറിയ അണക്കെട്ടാണ് മലങ്കര.