ഏലക്ക മോഷ്ടാവ് പിടിയിൽ
1547346
Friday, May 2, 2025 11:55 PM IST
കട്ടപ്പന: പാറക്കടവിൽ ഏലത്തോട്ടത്തിൽനിന്നു പച്ച ഏലക്ക മോഷ്ടിച്ച പ്രതിയെ കട്ടപ്പന പോലീസ് പിടികൂടി. മുണ്ടക്കയം കൂട്ടിക്കൽ കുന്നേൽപറമ്പിൽ സുബിൻ വിശ്വംഭരൻ (32) ആണ് പിടിയിലായത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ഏലത്തോട്ടത്തിൽനിന്നു സുബിൻ ഏലയ്ക്ക പറിക്കുന്നതായി കണ്ടത്. തുടർന്ന് കട്ടപ്പന പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ ടി.സി. മുരുകന്റെ നിർദേശപ്രകാരം എസ്ഐ ബർട്ടിൻ ജോസും പോലീസ് ഉദ്യോഗസ്ഥരായ കെ.എ. അനൂപ്, ജോമോൻ കുര്യൻ, ബിബിൻ മാത്യു എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്.
ഏലച്ചെടിയിൽനിന്ന് ഇയാൾ ശരം ഒടിച്ചെടുക്കുകയായിരുന്നു. 15 കിലോ ഏലക്കയാണ് പിടികൂടിയത്. സമാന രീതിയിൽ കാഞ്ചിയാർ കക്കാട്ടുകടയിൽനിന്ന് ഏലക്ക മോഷ്ടിച്ചതിന് ഇയാൾ കഴിഞ്ഞ വർഷം ശിക്ഷ അനുഭവിച്ചയാളാണ്. കൂടാതെ നരിയംപാറ ക്ഷേത്രത്തിൽനിന്ന് ഭണ്ഡാരക്കുറ്റി മോഷ്ടിച്ചതിനും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.