ശൗചാലയം: അനുവാദം നൽകിയതും എതിർക്കുന്നതും ജില്ലാ കളക്ടർ
1547914
Sunday, May 4, 2025 11:31 PM IST
ഉപ്പുതറ: ബ്ലോക്കു പഞ്ചായത്തിന് ശൗചാലയം നിർമിക്കാൻ സ്ഥലം അനുവദിച്ച ജില്ലാ കളക്ടർ ശൗചാലയ നിർമാണം പൂർത്തിയായപ്പോൾ പൂട്ടിട്ടു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലെ അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം 30 ലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്കു പഞ്ചായത്ത് നിർമിച്ച ശൗചാലയം തുറക്കാൻ കഴിയുന്നില്ല.
ജില്ലാ കളക്ടർ അധ്യക്ഷനായ ഡാം സേഫ്റ്റി അഥോറിറ്റിയുടെ എതിർപ്പാണ് ശൗചാലയം തുറക്കുന്നതിന് തടസം. കരുവേൻ ശശി എന്നയാൾ സൗജന്യമായി ഭൂമി നൽകിയതിന്റെ സമ്മതപത്രവും നിർമാണത്തിന് ജില്ലാ കളക്ടർ നൽകിയ അനുമതി ഉത്തരവും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ കൈവശമുണ്ട്.
എന്നിട്ടും ഡാം സേഫ്റ്റി അഥോറിറ്റി ശൗചാലയത്തിന് വൈദ്യുതി നൽകുന്നത് തടഞ്ഞിരിക്കുകയാണ്.
നിർമാണം തുടങ്ങിയപ്പോൾ മുതൽ പൂർത്തിയാകും വരെ ഡാം സേഫ്റ്റി ഒരെതിർപ്പും അറിയിച്ചിരുന്നില്ല. 2023-24ലാണ് ശൗചാലയത്തിനായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചത്. ജില്ലാ കളക്ടർ, ഭൂപതിവ് തഹിൽദാർ, ഡാം സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത പരിശോധനയ്ക്കു ശേഷമാണ് ശൗചാലയം പണിയാൻ മുൻ ജില്ലാ കളക്ടർ അനുമതി നൽകിയത്.
ഇപ്പോൾ ശൗചാലയത്തിന്റെ നിർമാണം പൂർത്തിയായതോടെയാണ് ഇവിടെ വൈദ്യുതി കണക്ഷൻ നൽകുന്നതിനെ ഡാം സേഫ്റ്റി അഥോറിറ്റി എതിർക്കുന്നത്.
ശൗചാലയത്തിന് വൈദ്യുതി നൽകരുതെന്ന് കാണിച്ച് കെഎസ്ഇബിക്ക് കത്തു നൽകിയിരിക്കുകയാണ്. ഇതിനെതിരേ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ജില്ലാ-താലൂക്ക് അദാലത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും ഇനിയും പരിഹാരം ഉണ്ടായിട്ടില്ല. വൈദ്യുതിയില്ലാതെ ശൗചാലയം പ്രവർത്തം തുടങ്ങാൻ കഴിയില്ല.
വിനോദ സഞ്ചാരികളുടെ പ്രാഥമിക കൃത്യനിർവഹണം ഡാം സേഫ്റ്റിയുടെ എതിർപ്പുമൂലം ബുദ്ധിമുട്ടിലാക്കുക യാണ്. ഇടുക്കി ജലാശയത്തിന് കുറുകേ അയ്യപ്പൻകോവിൽ - കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിൽ കയറാനും ജലാശയത്തിന്റെ വിദൂരദൃശ്യം കാണാനും നൂറു കണക്കിന് സഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്.
മുഖ്യമന്ത്രി, വകുപ്പു മന്ത്രിമാർ എന്നിവരുടെ ശ്രദ്ധയിലെത്തിച്ച് പ്രശ്നത്തിനു പരിഹാരം കാണുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോൺ അറിയിച്ചു.