കർഷകരുടെ അവകാശം സാധൂകരിച്ച് മുൻസിഫ് കോടതിയുടെ ഉത്തരവ്
1547350
Friday, May 2, 2025 11:56 PM IST
തൊടുപുഴ: നാരങ്ങാനത്ത് കുരിശ് തകർത്ത സ്ഥലം ഉൾപ്പെടെ 1968 ജനുവരി ഒന്നിനുമുൻപ് ആളുകളുടെ കൈവശത്തിലുള്ളതാണെന്നു തെളിയിക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. ഈ മേഖലയിൽ 1978-ൽ കുടിയിറക്കുന്നതിനുള്ള ശ്രമം നടന്നിരുന്നു. ഇതിനെതിരേ കുരിശ് സ്ഥാപിച്ച സ്ഥലത്തോടു ചേർന്നുള്ള കൈവശക്കാരനായ എം.ആർ. അഗസ്റ്റിൻ 1979-ൽ തൊടുപുഴ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. 1981-ൽ കോടതിയിൽനിന്ന് കൈവശക്കാരന് അനുകൂലമായി സ്റ്റേ ഓർഡർ ലഭിക്കുകയും ചെയ്തു.
1968 ജനുവരി ഒന്നിനു മുൻപ് ഈ ഭൂമി ഇദ്ദേഹത്തിന്റെ കൈവശമുള്ളതായാണ് കോടതി കണ്ടെത്തിയത്. അഞ്ചേക്കർ ഭൂമിയാണ് ഇദ്ദേഹത്തിനും കുടുംബത്തിനുമായി ഉണ്ടായിരുന്നത്. ഇതിൽ രണ്ടേക്കർ മാത്രമാണ് കോടതി ഉത്തരവ് ഉണ്ടായിട്ടും 1983ൽ തയാറാക്കിയ റവന്യു-വനം വകുപ്പുകളുടെ സംയുക്ത പരിശോധനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. സംയുക്ത പരിശോധനയിൽനിന്നു കുറെ പ്രദേശങ്ങൾ ഒഴിവാക്കപ്പെട്ടതായുള്ള നാട്ടുകാരുടെ പരാതികൾക്ക് ബലം പകരുന്നതാണിത്. ഇതിനു പുറമേ എം.ആർ. അഗസ്റ്റിന്റെ സ്ഥലത്തിന്റെ അതിർത്തി പങ്കിടുന്നത് ഈട്ടിക്കൽ രാഘവൻ, പുളിക്കക്കുന്നേൽ പാപ്പച്ചൻ, തെങ്ങുംകുടിയിൽ സേവ്യർ എന്നിവരുടെ സ്ഥലങ്ങളാണ്.
1968നു മുന്പ് നാരങ്ങാനത്ത് കൈവശഭൂമിയുണ്ടായിരുന്നുവെന്ന കോടതിയുടെ ഉത്തരവ് വനംവകുപ്പിന്റെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നു തെളിയിക്കുന്നതാണ്.
തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് തകർത്ത സ്ഥലത്തെ ജോയിന്റ് വെരിഫിക്കേഷൻ പൂർത്തിയായെന്നായിരുന്നു ഇതിനു നേതൃത്വം നൽകിയ കാളിയാർ റേഞ്ച് ഓഫീസറുടെ വാദം. എന്നാൽ ഈ വാദമാണ് കോടതി രേഖയിലൂടെ പൊളിയുന്നത്.
പ്രദേശം ജോയിന്റ് വേരിഫിക്കേഷനിൽ ഉൾപ്പെടാത്ത സ്ഥലമാണെന്ന് വിവരാവകാശപ്രകാരം ലഭിച്ച രേഖകളിൽനിന്നു വ്യക്തമായിരുന്നു. ഇതോടെ വില്ലേജ് ഓഫീസർ ആരുടെയൊ സമർദത്തിനു വഴങ്ങി വണ്ണപ്പുറം വില്ലേജിലെ 4005 ഏക്കർ റിസർവ് വനഭൂമിയാണെന്ന റിപ്പോർട്ട് നൽകുകയായിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തു. സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളും നേരത്തേ വനഭൂമിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഗ്രോമോർ ഫുഡ് പദ്ധതി പ്രകാരവും മറ്റും സർക്കാർ തന്നെ വനഭൂമിയിൽ കർഷകരെ കുടിയിരുത്തി നിരവധി പ്രദേശങ്ങൾ കൃഷിക്ക് വിട്ടുനൽകുകയായിരുന്നു.
പിന്നീട് 1977നു മുന്പ് കുടിയേറിയ മുഴുവൻ കർഷകർക്കും പട്ടയത്തിന് അവകാശമുണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെ വനംവകുപ്പിന്റെ പൊള്ളയായ വാദങ്ങൾക്ക് അടിസ്ഥാനമില്ലാതായി എന്നതാണ് യാഥാർഥ്യം.
സർക്കാർ കനത്ത വില നൽകേണ്ടിവരും: മാത്യു കുഴൽനാടൻ എംഎൽഎ
തൊടുപുഴ: നാരങ്ങാനത്തെ കൈവശഭൂമിയിലെ കുരിശു തകർത്തതിനും കൈവശ ഭൂമി റിസർവ് വനമാക്കാനുള്ള വനം-റവന്യു വകുപ്പുകളുടെ ഗൂഢനീക്കത്തിനും ഇടതു സർക്കാർ കനത്ത വില നൽകേണ്ടിവരുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ മുന്നറിയിപ്പു നൽകി. യുഡിഎഫ് മുണ്ടൻമുടി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചൻകവലയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കൃഷിക്കാരനെയും കുടിയിറക്കാൻ സമ്മതിക്കില്ല. കാർഷിക മേഖലയ്ക്കുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ച ഇടതു സർക്കാരിന് കർഷകരോട് പ്രതിബദ്ധതയില്ല. വണ്ണപ്പുറം വില്ലേജിലെ പട്ടയ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കണം. വനംവകുപ്പിനെ നിയന്ത്രിക്കാൻ സർക്കാർ തയാറാകണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ആൽബർട്ട് ജോസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പ്രഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാക്ഷണം നടത്തി.
നേതാക്കളായ നിസാർ മൗലവി, ഇന്ദു സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, പി.എം. ഇല്യാസ്, ബേബി വട്ടക്കുന്നേൽ, സണ്ണി കളപ്പുര, പി.യു. ഷാഹുൽ ഹമീദ്, എം.ടി. ജോണി ഷൈനി റെജി തുടങ്ങിയവർ പ്രസംഗിച്ചു.