പ്രദർശന മേള: സ്റ്റാളുകളിൽ സന്ദർശക പ്രവാഹം
1547059
Thursday, May 1, 2025 12:15 AM IST
ഇടുക്കി: എന്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതുമരാമത്ത് വകുപ്പ് ഒരുക്കിയ സ്റ്റാൾ ശ്രദ്ധേയമായി. ഹൈവേ വികസന പദ്ധതികളോടൊപ്പം സംസ്ഥാന റോഡുകളും ഗ്രാമീണ റോഡുകളായ ചെമ്മണ്ണാർ ഗ്യാപ്പ് റോഡ്, രാജാക്കാട് -മൈലാടുംപാറ -പുപ്പാറ റോഡ്, മൂന്നാർ ഗ്യാപ് റോഡ് തുടങ്ങിയ ഇടുക്കിയിലെ റോഡുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നു.
ഗുണനിലവാരം ഉറപ്പുവരുത്തുന്ന ത്രീ ടയർ ക്വാളിറ്റി സിസ്റ്റം, റോഡുകൾ അപകടകരഹിതമാക്കി നിലനിർത്തുന്ന റണ്ണിംഗ് കോണ്ട്രാക്ട് സിസ്റ്റം തുടങ്ങി ആധുനിക രൂപകല്പനയിൽ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിർമിതികളുടെ നേർക്കാഴ്ചയാണ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫുഡ് സ്റ്റാളിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കുടുംബശ്രീ പ്രവർത്തകർ തയാറാക്കിയ നാടൻ വിഭവങ്ങൾ, പലഹാരങ്ങൾ, ബിരിയാണി, തണുത്ത പാനീയങ്ങൾ തുടങ്ങി രുചികരമായ ഭക്ഷണസാധനങ്ങൾ സ്റ്റാളിൽ ലഭിക്കും.
ജില്ലാ ഇൻഫർമേഷൻ വകുപ്പ് ഒരുക്കിയ സ്റ്റാളിലെ എൽഇഡി സ്ക്രീനിൽ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ രൂപരേഖ ജനങ്ങൾക്ക് അടുത്തറിയാം.
എന്റെ കേരളം മാഗസിന്റെ മുഖചിത്രമാകാൻ അവസരമൊരുക്കുന്ന ഫോട്ടോ പോയിന്റും ഒരുക്കിയിട്ടുണ്ട്. കാർഷികം, പട്ടയം, വിദ്യാഭ്യാസം, ആരോഗ്യം, നവകേരളം എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്ന നേട്ടങ്ങളുടെ ക്യൂബും ഇവിടെയുണ്ട്. സിവിൽ സപ്ലൈസ് വകുപ്പിന്റെ സ്റ്റാളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.