തുടർച്ചയായി വൈദ്യുതി മുടക്കം: പ്രതിഷേധവുമായി നാട്ടുകാർ
1547051
Thursday, May 1, 2025 12:15 AM IST
കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിൽ ഉൾപ്പെട്ട പള്ളിക്കവല ഒറ്റമരം മേഖലയിൽ ഉണ്ടാകുന്ന തുടർച്ചയായ വൈദ്യുതി മുടക്കത്തിനെതിരേ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രത്യക്ഷ സമരപരിപാടികൾക്കു മുന്നോടിയായി പ്രദേശവാസികൾ പ്രതിഷേധയോഗം ചേർന്നു. മഴ പെയ്യുന്നതോടെ വൈദ്യുതി മുടക്കം സ്ഥിരമാകുമെന്നും നാട്ടുകാർ പറയുന്നു.
പലപ്പോഴും വൈദ്യുതി മുടക്കം മണിക്കൂറുകളോളം നീളുന്ന അവസ്ഥയാണ്. ലബ്ബക്കടയിൽ പ്രവർത്തിക്കുന്ന വൈദ്യുതി വകുപ്പ് ഓഫീസിൽ ബന്ധപ്പെട്ടാൽ യഥാസമയം ഫോൺ ലഭ്യമാവുകയോ ഉദ്യോഗസ്ഥർ ഉപഭോക്താക്കളോട് മാന്യമായി പെരുമാറുകയോ ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. സ്ഥിരമായിട്ടുള്ള വൈദ്യുതി മുടക്കം മൂലം വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്ന സ്ഥിതിയും ഉണ്ട്, അതോടൊപ്പം വാർദ്ധക്യസഹജമായ അസുഖങ്ങളിൽ കഴിയുന്നവർക്കും രോഗികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാകുന്നു. കൂടാതെ വീട്ടാവശ്യങ്ങളും മറ്റ് നിർമാണ പ്രവർത്തനങ്ങളും അടക്കം മുടങ്ങുന്നു. കാഞ്ചിയാർ പള്ളിക്കവല മുതൽ ഒറ്റമരം പാതയ്ക്ക് വശങ്ങളിലൂടെയുള്ള വൈദ്യുതി ലൈനുകൾ പലയിടങ്ങളിലും മരച്ചില്ലകളിലും ഇലകളിലും തട്ടിയാണ് നിലകൊള്ളുന്നത്.
ജീവനക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നടപടിയിൽ പ്രതിഷേധിച്ച് വൈദ്യുതി വകുപ്പ് ഓഫീസ് പടിക്കൽ ഉപരോധം അടക്കം നടത്താനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. അതിനു മുന്നോടിയായി ഇടുക്കി എംഎൽഎ, ജില്ലാ കളക്ടർ, കൺസ്യൂമർ റീഡ്രസൽ ഫോറം, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകി. ഒറ്റമരത്ത് നടന്ന പ്രതിഷേധ യോഗത്തിന് എ.ആർ. ഗോപിനാഥൻ, ജോസ് ആന്റണി, എ. ജയിംസ്, ഷാജി തോമസ്, എൻ.ജി. തോമസുകുട്ടി എന്നിവർ നേതൃത്വം നൽകി.