വ്യാപാരിയുടെ കട ജപ്തി ചെയ്ത കേരള ബാങ്കിന്റെ നടപടിക്ക് തിരിച്ചടി
1546792
Wednesday, April 30, 2025 6:03 AM IST
അടിമാലി: അടിമാലിയില്‍ ഏത്തക്കാ വ്യാപാരം നടത്തുന്ന വ്യാപാരിയുടെ കട ജപ്തി ചെയ്ത കേരള ബാങ്കിന്റെ നടപടിക്ക് തിരിച്ചടി.തൊടുപുഴ സിജെഎം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അധികൃതര്‍ എത്തി ഇന്ന് വ്യാപാര സ്ഥാപനം തുറന്നു നല്കി.
അടിമാലി ടൗണില്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ പരിസരത്ത് ഏത്തക്കാ മൊത്തവ്യാപാരം നടത്തുന്ന പെരുമ്പാവൂര്‍ സ്വദേശി അക്ബറിനാണ് കോടതി ഉത്തരവ് ആശ്വാസമായത്. മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ നിന്ന് സ്ഥലം വാടകയ്ക്കെടുത്ത് സ്ഥാപനം നിര്‍മിച്ചായിരുന്നു അക്ബര്‍ ഇവിടെ വ്യാപാരം നടത്തിയിരുന്നത്.
അക്ബറിന് ബാങ്കുമായി ഇടപാടില്ലെങ്കിലും മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കുള്ള കുടിശിഖ ഈടാക്കുന്നതിന് കഴിഞ്ഞ 10ന് കേരള ബാങ്കധികൃതര്‍ എത്തി അക്ബറിന്റെ സ്ഥാപനം സീല്‍ ചെയ്തു പൂട്ടി. പിന്നീട് അക്ബര്‍ കോടതിയെ സമീപിച്ച് സാധനങ്ങള്‍ നീക്കാന്‍ രണ്ട് ദിവസത്തെ സാവകാശം നേടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കട ജപ്തി ചെയ്ത കേരള ബാങ്കിന്റെ നടപടി തൊടുപുഴ സിജെഎം കോടതി തടഞ്ഞത്.