കാണികൾക്ക് വിസ്മയമായി ശ്വാനപ്രദർശനം
1546808
Wednesday, April 30, 2025 6:04 AM IST
ഇടുക്കി: എന്റെ കേരളം പ്രദർശന വിപണന മേളയിൽ കേരള പോലീസ് ഒരുക്കിയ ശ്വാനപ്രദർശനം ഏറെ ശ്രദ്ധ നേടുന്നു. അതിശയിപ്പിക്കുന്ന കുറ്റാന്വേഷണ മികവുകൾ കാഴ്ച വയ്ക്കുന്ന കെ 9 സ്ക്വാഡിലെ ശ്വാനവീരന്മാരുടെ പ്രകടനം കാണികളിൽ വിസ്മയം തീർത്തു.
വയനാട് ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തി കേരള പോലീസിനെ സഹായിച്ച എയ്ഞ്ചൽ എന്ന പോലീസ് നായ ഏറെ ശ്രദ്ധ നേടി. കാണികൾക്ക് കൗതുകമായ കാഴ്ചയിൽ കുഞ്ഞനായ ബീഗിൽ ഇനത്തിൽപ്പെട്ട ഡോളി മാരകശേഷിയുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച നായയാണ്.
കൂടാതെ ട്രാക്കർ നായകളായ ജൂണോ, എക്സ്പ്ലോസീവ് സ്നിഫർ ഡോഗായ മാഗി , നാർക്കോട്ടിക് വിഭാഗത്തിൽ നിന്ന് ലൈക്ക, സെർച്ച് റെസ്ക്യൂ ഡോഗായ ഡോണ എന്നീ നായകളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ബെൽജിയം, ലാബ്രഡോർ, ബീഗിൾ, ജർമൻ ഷെപ്പേഡ് എന്നിങ്ങനെ വിവിധ ഇനത്തിലുള്ള നായ്ക്കളാണ് കാണികൾക്ക് മുന്നിൽ അണിനിരക്കുന്നത്.
കോ-ഓർഡിനേറ്റർ ജെറി ജോർജിന്റെ മേൽനോട്ടത്തിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രദർശനത്തിനുശേഷം കാഴ്ചക്കാർക്ക് നായ്ക്കളെ പരിചയപ്പെടാനും അവയോടൊപ്പം സെൽഫി എടുക്കാനുമുള്ള സൗകര്യവും ഉണ്ടായിരുന്നു. കാണികളെ പങ്കെടുപ്പിച്ചുള്ള പ്രകടനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.