കാർഷിക കാഴ്ചകളുമായി കൃഷിവകുപ്പിന്റെ സ്റ്റാൾ
1546805
Wednesday, April 30, 2025 6:04 AM IST
ഇടുക്കി: വാഴത്തോപ്പ് വിഎച്ച്എസ് സ്കൂൾ മൈതാനത്ത് ആരംഭിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകൾ ശ്രദ്ധേയമായി. മന്ത്രി റോഷി അഗസ്റ്റിൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു.
ഡ്രോണ്‍ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കർഷകർക്കും പൊതുജനങ്ങൾക്കും അവബോധം സൃഷ്ടിക്കുന്നതിനും ഡ്രോണ്‍ പ്രവർത്തനം അടുത്തറിയുന്നതിനും ലൈവ് ഡെമോണ്‍സ്ട്രഷനും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. കേരളഗ്രോ ഉത്പന്നങ്ങളുടെയും മില്ലറ്റ് ഉത്പന്നങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്. കതിർ ആപ്പ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക്കും കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ ഫ്ളാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡെസ്ക്കുകളും തീം പവലിയനിൽ സജ്ജീകരിച്ചിട്ടുണ്ട്.
വിളകളിലെ രോഗ കീടനിയന്ത്രണം സംബന്ധിച്ച് സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാൻ ഡോക്ടർ സേവനവും ലഭിക്കും. ഇതിന് പുറമെ നടീൽ വസ്തുക്കളുടെയും കാർഷിക മൂല്യ വർധിത ഉത്പന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.