മൂലമറ്റം-കോട്ടമല റോഡിന് അനുമതി: മന്ത്രി റോഷി
1547056
Thursday, May 1, 2025 12:15 AM IST
മൂലമറ്റം: ടൂറിസത്തിനും കാർഷിക മേഖലയ്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മൂലമറ്റം-കോട്ടമല റോഡിന് 6.86 കോടിയുടെ എസ്റ്റിമേറ്റിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
റോഡിന്റെ ആദ്യഭാഗമായ അശോക കവല മുതൽ മൂലമറ്റം വരെയുള്ള 2.5 കിലോമീറ്റർ ദൂരവും തുടർന്നുള്ള അഞ്ചു കിലോമീറ്റർ ദൂരവും ബിഎം ആന്‍ഡ് ബിസി നിലവാരത്തിൽ പുനർനിർമിക്കും. ടാറിംഗ് നടത്താനുള്ള ഭാഗം പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാകുന്നതോടെ കൊച്ചി അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് തേക്കടി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിലേക്ക് എത്തുന്നതിനു 42 കിലോമീറ്റർ ദൂരം ലാഭിക്കാനാകും.
കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പ്രധാന വിപണന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും ഏറ്റവും ലാഭകരമായ പാതയായി ഇതു മാറും.രാജ്യാന്തര നിലവാരത്തിൽ പുനർ നിർമിക്കുന്ന റോഡിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ കലുങ്കുകളും സംരംക്ഷണ ഭിത്തികളും സൂചനാ ബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിക്കും. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിലേക്ക് മൂലമറ്റത്തുനിന്നു ഉളുപ്പൂണി വഴി എത്തുന്നതിന് നവീകരിച്ച പുതിയ പാത ഏറെ പ്രയോജനകരമാകും.
റോഡ് പൂർത്തിയാകുന്നതോടെ 15 കിലോമീറ്ററോളം ലാഭിച്ച് ചോറ്റുപാറ-വാഗമണ്‍ റോഡിലേക്ക് സഞ്ചാരികൾക്ക് എത്താനും കഴിയും. ഏതാനും മാസങ്ങൾക്ക് മുൻപ് തുക അനുവദിച്ചിരുന്നെങ്കിലും ടെൻഡർ നിരക്ക് അധികമായിരുന്നതിനാലാണ് മന്ത്രിസഭയുടെ അഗീകാരം ആവശ്യമായി വന്നത്. റോഡിന്റെ പ്രാധാന്യവും ടൂറിസം സാധ്യതയും കണക്കിലെടുത്താണ് മന്ത്രിസഭാ യോഗം റോഡ് നിർമാണത്തിന് അനുമതി നൽകിയതെന്നും മന്ത്രി റോഷി അറിയിച്ചു.