ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു
1547057
Thursday, May 1, 2025 12:15 AM IST
നെടുങ്കണ്ടം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതി പ്രകാരം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ അനുവദിച്ച സദ്ഭാവനാ മണ്ഡപത്തിന്റെ നിര്‍മാണം നീളുന്നതായി ബ്ലോക്ക് പഞ്ചായത്ത് നല്കിയ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ വിഗ്നേശ്വരി സ്ഥലം സന്ദര്‍ശിച്ചു. നിര്‍മാണ ജോലികളുടെ ചുമതല സംസ്ഥാന നിര്‍മിതി കേന്ദ്രത്തെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇതു ടെന്‍ഡര്‍ ചെയ്ത് കരാറുകാരനുമായി എഗ്രിമെന്റ് വച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മാണ പ്രവൃത്തിയില്‍ പുരോഗതി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയത്. സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാനുള്ള നിര്‍ദ്ദേശം നല്കി.
കേന്ദ്ര-സംസ്ഥാന സംസ്ഥാന സര്‍ക്കാരും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന സംയുക്ത പദ്ധതിയാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നിര്‍മിക്കുന്ന സദ്ഭാവനാ മണ്ഡപം. 1000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയമാണിത്. 1.40 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്.
കൂടാതെ ചുറ്റുമതില്‍ നിര്‍മിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ കഴിഞ്ഞ ബജറ്റില്‍ 28 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നിട്ടും പദ്ധതി എങ്ങും എത്തിയില്ല. നിര്‍മാണ ജോലികള്‍ പുരോഗമിക്കവെ ഉണ്ടായ അപ്രതീക്ഷിത ചെലവുകള്‍ മൂലം നിലവിലെ എസ്റ്റിമേറ്റ് പ്രകാരം പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതായാണ് കരാറുകാരന് പറയുന്നത്.