മൂന്നാർ പുഷ്പമേളയ്ക്ക് ഇന്നു തുടക്കം
1547058
Thursday, May 1, 2025 12:15 AM IST
മൂന്നാർ: മൂന്നാർ ഗവണ്മെന്റ് ബൊട്ടാണിക്കൽ ഗാർഡനിൽ മൂന്നാർ പുഷ്പമേളയ്ക്ക് ഇന്നു തുടക്കം കുറിക്കും. രാവിലെ അഡ്വ.എ.രാജാ എംഎൽഎ ഉദ്ഘാടനം നിർയഹിക്കും. മേയ് 10 വരെയാണ് പുഷ്പമേള. ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് പുഷ്പമേള ഒരുങ്ങുന്നത്. അവധിക്കാലത്ത് മൂന്നാറിലെത്തുന്ന സന്ദർശകരെ ആകർഷിക്കുക എന്ന ഉദ്ദേശ്യതോടെയാണ് മേള സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. പുഷ്പമേളയ്ക്കു പുറമേ മ്യൂസിക്കൽ ഫൗണ്ടൻ, ഭക്ഷ്യമേള, സെൽഫി പോയിന്റ്, കലാപരിപാടികൾ, വിപണനമേള എന്നിവയും നടക്കും.
ജമന്തി, മേരിഗോൾഡ്, ഡയാന്റിസ്, വിട്രോണി, പുത്തിൻ സെത്തിയ, ക്രിസാന്തിസം, ഹിഗോണി, സലേഷ്യ, വിങ്ക തുടങ്ങിയ പതിവ് ഇനം പൂക്കൾക്കൊപ്പം വൈവിധ്യമാർന്ന നാനൂറിൽ അധികം പൂക്കൾ മേളയുടെ ആകർഷണമാണ്.
വിദേശത്തുനിന്ന് എത്തിക്കുന്ന അലീസിയ, റോസ്, ഓർക്കിഡ്, ആന്തൂറിയം എന്നിവയും പ്രദർശനത്തിനുണ്ടാകും. ഒരു ദിവസം രണ്ടു തവണയാണ് മ്യൂസിക്കൽ ഫൗണ്ടൻ ഉണ്ടാവുക, വൈകുന്നേരം ആറു മുതൽ വ്യത്യസ്ത കലാപരിപാടികളും ഉണ്ടാവും. കുട്ടികൾക്ക് 50 രൂപയും മുതിർന്നവർക്ക് 100 രൂപയും ആണ് പ്രവേശന ഫീസ്.