സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു
1547055
Thursday, May 1, 2025 12:15 AM IST
തൊടുപുഴ: ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കു തർക്കത്തെ തുടർന്ന് സുഹൃത്തിനെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു. വണ്ടിപ്പെരിയാർ തങ്കമല മാട്ടുപ്പെട്ടി ബഥേൽ എസ്റ്റേറ്റിൽ അനിൽകുമാറിനെയാണ് അയൽവാസിയായ മുരുകയ്യയെ കൊലപ്പെടുത്തിയ കേസിൽ തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.എസ്.ശശികുമാർ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. 2017 സെപ്റ്റംബർ നാലിനായിരുന്നു സംഭവം.
അനിൽകുമാറിന്റെ വീട്ടിൽ ഇരുവരും ചേർന്ന് മദ്യപിച്ചതിനെ തുടർന്ന് മുരുകയ്യ അവിടെ തന്നെ കിടന്നുറങ്ങി. രാത്രിയിൽ പ്രതിയുടെ വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ മുരുകയ്യ മണ്ണെണ്ണ വിളക്ക് കത്തിക്കാൻ പറയുകയും എന്നാൽ മെഴുകുതിരി കത്തിച്ചാൽ മതിയെന്ന് അനിൽകുമാറും പറഞ്ഞു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തിനൊടുവിൽ മുറിയിലിരുന്ന മണ്ണെണ്ണ എടുത്ത് മുരുകയ്യയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തിയെന്നാണ് കേസ്. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് മുരുകയ്യ മരിച്ചത്.
കേസിൽ 14 സാക്ഷികളെ വിസ്തരിക്കുകയും മുരുകയ്യയുടെ മരണമൊഴി അടക്കം 22 രേഖകളും പ്രതിയുടെ ലയമുറിയിൽ നിന്ന് കണ്ടെത്തിയ പായ, കന്പിളി, ലുങ്കി, പ്ലാസ്റ്റിക് കുപ്പി എന്നിവ തൊണ്ടിയായും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷൻ വിസ്തരിച്ച എല്ലാ സാക്ഷികളും പ്രതിക്കെതിരെ മൊഴി നൽകി.
എന്നാൽ സംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതിനാലാണ് പ്രതി അനിൽകുമാറിനെ വെറുതെ വിട്ടതെന്ന് കോടതി പറഞ്ഞു. ജാമ്യം എടുക്കാൻ ആരുമെത്താത്തതിനാൽ വർഷങ്ങളായി വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന പ്രതി മോചിതനായി. പ്രതിക്ക് വേണ്ടി അഭിഭാഷകരായ സാബു ജേക്കബ്, മനേഷ് പി. കുമാർ, ഡെൽവിൻ പൂവത്തിങ്കൽ, സാന്ത്വന സനൽ എന്നിവർ ഹാജരായി.