കാറ്റിലും മഴയിലും അറക്കുളത്ത് വ്യാപക നാശം
1546807
Wednesday, April 30, 2025 6:04 AM IST
അറക്കുളം: ശക്തമായ കാറ്റിലും മഴയിലും അറക്കുളത്ത് വ്യാപക നാശനഷ്ടം. മൈലാടിയിൽ ഇല്ലിമൂട്ടിൽ പെണ്ണമ്മയുടെ വീട് മരം കടപുഴകി വീണ് ഭാഗികമായി തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന പെണ്ണമ്മയുടെ മകന്റെ ഭാര്യ ആനിമോളുടെ തലയിൽ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിവീണ് പരിക്കേറ്റു. ആനിമോളെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി വീട്ടുപകരണങ്ങൾ ഷീറ്റു വീണു തകർന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു ജോസഫ് എന്നിവർ സ്ഥലത്തെത്തി. മൂലമറ്റം ഫയർഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും ഷീറ്റിനു മുകളിലേക്ക് മരം വീണതിനാൽ വെട്ടിമാറ്റാൻ സാധിക്കില്ലെന്ന് പറഞ്ഞ് തിരികെ പോയി.
പഞ്ചായത്തിൽ നിരവധി സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി. അറക്കുളം പുത്തൻപള്ളിക്കു സമീപം അറക്കുളം-വെള്ളിയാമറ്റം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.