നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണം
1547052
Thursday, May 1, 2025 12:15 AM IST
തൊടുപുഴ: നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. നഗരസഭ ചെയർമാൻ കെ.ദീപക് അധ്യക്ഷത വഹിച്ചു. മഴക്കാലം ആരംഭിക്കുന്നതിനു മുന്പായി നഗരത്തിലെ ഓടകളിലെ മണ്ണു നീക്കം ചെയ്ത് ജലം ഒഴുകുന്നതിനുള്ള സാഹചര്യമുണ്ടാക്കും. അപകടസ്ഥിതിയിൽ റോഡിന്റെ ഇരു വശങ്ങളിലായി നിലനിൽക്കുന്ന മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റുന്നതിനുള്ള നടപടികളും സ്വീകരിക്കും.
വൈദ്യുതി ലൈനിലേക്കു മുട്ടി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുനീക്കുന്നതിന് കെഎസ്ഇബിക്ക് നിർദ്ദേശം നൽകി. ഓടകൾക്കു മുകളിലുള്ള പൊളിഞ്ഞ സ്ലാബുകൾ എത്രയും പെട്ടെന്ന് മാറ്റി പുതിയത് സ്ഥാപിക്കുന്നതിനും, നഗരത്തിലെ പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കടകൾ നീക്കം ചെയ്യുന്നതിന് പിഡബ്ല്യുഡിയോട് ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങളിൽ പിഡബ്ല്യൂഡിക്കു നഗരസഭയുടെയും പോലീസിന്റെയും പിന്തുണ ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു. കൂടാതെ മഴക്കാലത്ത് പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആരോഗ്യ വിഭാഗത്തെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയർപേഴ്സണ് പ്രഫ. ജെസി ആന്റണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ. കരിം, ബിന്ദു പത്മകുമാർ, ഷീജ ഷാഹുൽ, പി.ജി. രാജശേഖരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.