തേവാരം-തേവാരംമെട്ട് റോഡിനായി ഇരുസംസ്ഥാനങ്ങളിലെയും ജനപ്രതിനിധികള്‍ ഒന്നിക്കുന്നു
1546795
Wednesday, April 30, 2025 6:04 AM IST
നെടുങ്കണ്ടം: ജില്ലയെ ഏറ്റവും കുറഞ്ഞ ദൂരത്തില്‍ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന തേവാരം-തേവാരംമെട്ട് റോഡ് യാഥാര്‍ഥ്യമാക്കുന്നതിനായി ഇരു സംസ്ഥാനങ്ങളിലെയും ജനപ്രതിനിധികള്‍ കൈകോര്‍ക്കുന്നു. ഇടുക്കി, തേനി എംപിമാര്‍ ഒന്നിന് തേവാരംമെട്ടില്‍ എത്തും.
റോഡിന്റെ സാധ്യതകളെക്കുറിച്ചു പഠിക്കുന്നതിനായി തേനി എംപി തങ്കത്തമിഴ് സെല്‍വന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തേവാരത്തുനിന്നും തേവാരംമെട്ടിലേക്കു കാല്‍നടയായി എത്തും. തേനി ജില്ലാ കളക്ടര്‍, ഡിഎഫ്ഒ തുടങ്ങിയയവർ എംപിയെ അനുഗമിക്കും. തേവാരംമെട്ടിലെത്തുന്ന സംഘത്തെ ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ സ്വീകരിക്കും.
1980കള്‍ വരെ സജീവമായിരുന്ന പാത തമിഴ്നാട് വനംവകുപ്പ് അടയ്ക്കുകയായിരുന്നു. നിലവില്‍ കാടുമൂടിയ നിലയിലാണ് ഈ പാത. പാത വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലും ജനകീയ മുന്നേറ്റം തുടരുകയാണ്. തമിഴ്നാട് വനമേഖലയില്‍ ഉള്‍പ്പെടുന്ന മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമാണ് പുനര്‍ നിര്‍മിക്കേണ്ടത്. മുമ്പ് ജീപ്പ് സവാരി നടത്തിയിരുന്ന റോഡിന്റെ മറ്റു ഭാഗമെല്ലാം അറ്റകുറ്റപ്പണികളിലൂടെ ഗതാഗത യോഗ്യമാക്കാന്‍ കഴിയും.
പാത യാഥാര്ഥ്യയാല് തമിഴ്നാട്ടില്‍നിന്ന് ഇടുക്കിയില്‍ ജോലിക്ക് എത്തുന്ന നൂറുകണക്കിന് തൊഴിലാളികള്‍ക്കും അന്തര്‍സംസ്ഥാന വാണിജ്യത്തിനും ഗുണകരമാവും. മലയോര മേഖലകളിലെ ഏലമലക്കാടുകളില്‍ ദിവസേന ജോലിക്കെത്തുന്ന പതിനായിരകണക്കിനു തമിഴ് തൊഴിലാളികള്‍ക്കാണ് റോഡിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. തേനി മെഡിക്കല്‍ കോളജിലേക്കുള്ള ദൂരം മുപ്പതു കിലോമീറ്ററിലധികം കുറയുമെന്നതിനാല്‍ നെടുങ്കണ്ടത്തു നിന്നും ഒരു മണിക്കൂറിനുള്ളില്‍ തേനി മെഡിക്കല്‍ കോളജില്‍ എത്താനുമാകും.
ഏറ്റവും കുറഞ്ഞ ദൂരത്തില്‍ തമിഴ്നാട്ടല്‍നിന്നും കേരളത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന പാതയെന്ന നിലയില്‍ ശബരിമല തീര്‍ഥാടകര്‍ക്കും റോഡ് പ്രയോജനം ചെയ്യും.
കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് തേവാരം ഇടത്താവളമായും ഉപയോഗപ്പെടുത്താന്‍ കഴിയും.
ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2018ല്‍ പാതയുടെ പുനര്‍നിര്‍മാണത്തിന് ആലോചനകള്‍ നടന്നിരുന്നു. പ്രാഥമിക പഠനത്തിനായി 25 കോടി രൂപ അനുവദിച്ചെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല.
തേവാരംമെട്ടിനു സമീപം തമിഴ്നാട് വനത്തിനുള്ളില്‍ അയ്യപ്പപ്രതിഷ്ഠയുള്ള അമ്പലവുമുണ്ട്. ഇവിടെ 1980 വരെ പൂജയും ഉത്സവവും സജീവമായിരുന്നെങ്കിലും തമിഴ്നാട് വനം വകുപ്പ് അനുമതി നിഷേധിച്ചതോടെ ഉത്സവം പൂര്‍ണമായും മുടങ്ങുകയായിരുന്നു.
റോഡ് തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിക്കും വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിനും ഡീന്‍ കുര്യാക്കോസ് എംപി മുന്‍പ് കത്ത് നല്‍കിയിരുന്നു. രണ്ട് എംപിമാരുടെയും പൊതുപ്രവര്‍ത്തകരുടെയും ശ്രമഫലമായി തേവാരം-തേവാരമെട്ട് റോഡ് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍.