സ്പോർട്സ് ആയുർവേദ ബോധവത്കരണ ക്ലാസ് നടത്തി
1546800
Wednesday, April 30, 2025 6:04 AM IST
തൊടുപുഴ: ജില്ലാ സൈക്ലിംഗ് അസോസിയേഷനുമായി ചേർന്ന് ആയുർവേദ ആശുപത്രിയിലെ സ്പോർട്സ് ആയുർവേദ റിസർച്ച് സെൽ, ആശുപത്രിയിലെ യോഗാ ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ദേശീയ ആയുർവേദ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ്. ശ്രീദർശൻ ഉദ്ഘാടനം ചെയ്തു. കായികതാരങ്ങൾക്ക് പരിശീലന-മത്സര സമയങ്ങളിൽ ഉണ്ടാകുന്ന പരിക്കുകൾക്ക് മികച്ച രീതിയിലുള്ള ആയുർവേദ ചികിത്സാ സൗകര്യം തൊടുപുഴയിലെ ജില്ലാ ഗവ.ആയുർവേദ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ. എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. കായികതാരങ്ങൾക്ക് പരിക്കുകൾ ഉണ്ടാകാതിരിക്കാനും ഉണ്ടാകുന്ന പരിക്കുകൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനും ഉതകുന്ന ആഹാരക്രമം സംബന്ധിച്ചും ഡോ. മിനു റോസമ്മ ജോസഫ്, ഡോ. അരുണ്‍ രാജേന്ദ്രൻ, ഡോ. അനുപ്രിയ പി. മണി എന്നിവർ ക്ലാസ് നയിച്ചു.
ദേശീയ വെറ്ററൻസ് അത്ലറ്റിക് മീറ്റിൽ മൂന്നു സ്വർണമെഡലുകൾ കരസ്ഥമാക്കിയ ചിന്നമ്മ ജോസഫിനെ കേരള സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രനും ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീറും ചേർന്ന് ഷാൾ അണിയിച്ച് ആദരിച്ചു. എ.ജെ. നിവാസ്, പി.കെ. രാജേഷ്, ജില്ലാ ആയുർവേദ ആശുപത്രി ലേ സെക്രട്ടറി കെ.ആർ. ഗോപി എന്നിവർ പ്രസംഗിച്ചു. 40ഓളം കായികതാരങ്ങൾ ക്ലാസിൽ പങ്കെടുത്തു.