മഴയിലും കാറ്റിലും കനത്ത നാശം
1546794
Wednesday, April 30, 2025 6:03 AM IST
തൊടുപുഴ: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിലും വീശിയടിച്ച കാറ്റിലും പുറപ്പുഴ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടം. നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. പ്രദേശത്തെ റോഡുകളിലേക്ക് മരങ്ങളും പോസ്റ്റുകളും വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പുറപ്പുഴ പാലത്തിനാടിയിൽ ജോണിന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലി മരം വീണു.
റോഡിനു കുറുകെയും വീടിനു മുകളിലേക്കുമായി വീണു കിടന്ന മരം മുറിച്ചു മാറ്റി. കിഴക്കനാട്ട് ഗോപാലകൃഷ്ണൻ, വട്ടളായിൽ ബേബി എന്നിവരുടെ പുരയിടങ്ങളിൽ നിന്നിരുന്ന മരങ്ങൾ മറിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു. ഇതിനു പുറമേ നിരവധിയാളുകളുടെ കൃഷിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് നാശനഷ്ടം ഉണ്ടായി.
തൊടുപുഴയിൽ നിന്നും ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇതിന് പുറമേ മലങ്കര പെരുമറ്റം തടിപ്പാലം ഭാഗത്ത് റോഡിലേക്ക് മരം കടപുഴകി വീണു. സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി മുറിച്ചുമാറ്റി.
ഉപ്പുതറ: ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചീന്തലാർ മേഖലയിൽ വ്യാപക നാശനഷ്ടം. വീടിനു മുകളിൽ മരം വീണ് ആനപ്പള്ളം നെല്ലിക്കുന്നേൽ അന്നപ്പാപ്പ എന്ന വീട്ടമ്മയുടെ കൈക്കു പരിക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചീന്തലാർ, മൂന്നാം ഡിവിഷൻ, ആനപ്പള്ളം, ആലമ്പള്ളി, ലോൺട്രി, അമ്പലപ്പാറ, കൈതപ്പതാൽ, പുളിങ്കട്ട എന്നീ പ്രദേശങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്. മരങ്ങൾ വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. വ്യാപക കൃഷിനാശവും ഉണ്ടായി. രണ്ടു ട്രാൻസ്ഫോർമറുകൾ തകർന്നു. നിരവധി വൈദ്യൂതിത്തൂണുകൾ ഒടിഞ്ഞു വീണു. പ്രദേശമാകെ ഇരുട്ടിലായി. മരങ്ങൾ റോഡിൽ വീണു കിടക്കുന്നതിനാൽ ഗതാഗത സൗകര്യവും ഇല്ലാതായി.
വെള്ളത്തൂവൽ: കനത്ത കാറ്റും മഴയും വെള്ളത്തൂവലിലും പരിസരപ്രദേശങ്ങളിലും നാശം വിതച്ചു. വെള്ളത്തൂവൽ ടൗണിന് സമീപം മങ്ങാട്ട് ഫക്രുദീന്റെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. വെള്ളത്തൂവൽ വില്ലേജ് ഓഫീസിനു സമീപം വൻ മരം വൈദ്യൂതി ലൈനിലേക്ക്ഒടിഞ്ഞുവീണ് ലൈനുകൾ തകർന്നു. ഇതു മൂലം പരിസരപ്രദേശങ്ങളിലെ വൈദ്യുതി വിതരണം നിലച്ചു.
വെള്ളത്തൂവൽ കടപ്പലാരിൽ റിസോർട്ടിനു സമീപം റോഡിൽ മരം കടപുഴകി വീണ് അടിമാലി-വെള്ളത്തൂവൽ റൂട്ടിൽ ഏതാനും സമയം ഗതാഗതം നിലച്ചു. പൂത്തലനിരപ്പിൽ കാഞ്ഞിരത്തിങ്കൽ ശ്രീധരന്റെ തൊഴുത്തും വിറകുപുരയും കനത്ത കാറ്റിൽ തകർന്നു വീണു.