ദേശീയപണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയന് ജില്ലാ കണ്വന്ഷന് നടത്തി
1547060
Thursday, May 1, 2025 12:15 AM IST
കട്ടപ്പന: ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരി വില്‍പ്പന അവസാനിപ്പിക്കുക, സ്കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, കുറഞ്ഞ വേതനം 26,000 രൂപയും പെന്ഷന് 9,000 രൂപയുമായി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന് മേയ് 20ന് ദേശീയ പണിമുടക്കു നടത്തും.
ബിജെപി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരേ നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയന് സമരസമിതി കട്ടപ്പനയിൽ ജില്ലാ കണ്വന്ഷന് നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ.എസ്. മോഹനന് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം പി.എസ്. രാജന്, ടിയുസിഐ ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂര്‍, ജി. വിജയാനന്ദ്, വി.ആര്. സജി, സോമന്, കുഞ്ഞുമോന്, ടി. എസ്. ബിസി, മുരളി, സിന്ധു വിനോദ്, വി.ആര്. ശശി എന്നിവര്‍ പ്രസംഗിച്ചു.