പുഴയോര ബൈപാസ് സൗന്ദര്യവത്കരണം പാളി
1547062
Thursday, May 1, 2025 12:15 AM IST
തൊടുപുഴ: തൊടുപുഴയാറിന്റെ തീരം വഴി നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ച പുഴയോര ബൈപാസിന് അധികൃതരുടെ അവഗണന. ഗതാഗതത്തിനായി തുറന്നു കൊടുത്തതോടെ നൂറു കണക്കിന് വാഹനങ്ങളാണ് ഇതു വഴി സഞ്ചരിക്കുന്നത്.
എന്നാൽ, തിരക്കേറിയ ബൈപാസിന്റെ ഇരു വശങ്ങളും ഇപ്പോൾ കാടു കയറിയ നിലയിലാണ്. വഴി വിളക്കുകൾ സ്ഥാപിക്കാത്തതിനാൽ രാത്രിയായാൽ ബൈപാസിൽ കൂരിരുട്ടാകും. പുഴയോരം വഴി നിർമിച്ചിരിക്കുന്ന റോഡായതിനാൽ സന്ധ്യയാകുന്നതോടെ ഒട്ടേറെ പേർ ഇവിടെ വിശ്രമത്തിനും സമീപത്തെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനുമെത്തുന്നുണ്ട്.
എന്നാൽ രാത്രിയായാൽ പാതയോരത്ത് ഇഴ ജന്തുക്കളും സാമൂഹ്യ വിരുദ്ധരുമാണ് സ്വൈര വിഹാരം നടത്തുന്നത്. കൂടാതെ കാടു പിടിച്ചു കിടക്കുന്നതിനാൽ മാലിന്യവും ഇവിടെ നിക്ഷേപിക്കപ്പെടുന്നു. വെങ്ങല്ലൂർ പാലത്തിനു സമീപത്ത് നിന്ന് ആരംഭിച്ച് തൊടുപുഴയാറിന്റെ തീരത്ത് കൂടി തൊടുപുഴ - പാലാ റോഡിലെ ധന്വന്തരി ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് ബൈപാസ്.
നഗരത്തിരക്കിൽ നിന്നും മാറി പുഴയുടെ സൗന്ദര്യം ആസ്വദിച്ച് സഞ്ചരിക്കാവുന്ന വിധത്തിലാണ് പുഴയോര ബൈപാസ് വിഭാവനം ചെയ്തത്. പ്രഭാത വ്യായാമത്തിനും, വൈകുന്നേരങ്ങളിൽ കുടുംബമായി എത്തി സമയം ചെലവഴിക്കാനും ബൈപാസ് പ്രയോജനപ്പെടുത്താനാണ് റോഡ് വിഭാവനം ചെയ്തിരുന്നത്. 1.7 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് ബൈപാസ് നിർമിച്ചത്. വാഹന ഗതാഗതത്തിന് പുറമേ, വ്യായാമത്തിനും വിനോദത്തിനും കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു രൂപകൽപന.
ഇതിനായി പുഴയോരത്തോടു ചേർന്ന് ജോഗിംഗ് ട്രാക്ക് നിർമിക്കാനും പദ്ധതിയിട്ടിരുന്നു. കൂടാതെ റോഡിന്റെ മുഴുവൻ വശത്തും പുഴയോരത്ത് ഹാൻഡ് റെയിലുകൾ സ്ഥാപിക്കാനും പുഴയോരത്തും, മറുവശത്തും പൂമരങ്ങൾ പിടിപ്പിച്ചു മനോഹരമാക്കാനും അലങ്കാര സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനുമായിരുന്നു പദ്ധതി.
എന്നാൽ ബൈപാസ് നിർമാണം പൂർത്തിയാക്കി റോഡ് തുറന്നു കൊടുത്തെങ്കിലും സൗന്ദര്യവത്കരണം നടപ്പാക്കിയിട്ടില്ല. സാമൂഹ്യ വിരുദ്ധരും ലഹരി മാഫിയ സംഘങ്ങളും ബൈപാസ് താവളമാക്കിയതോടെ ഇവിടെ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും എൽഡിഎഫ് നേതൃത്വത്തിലുണ്ടായിരുന്ന നഗരസഭാ ഭരണ സമിതി ഇക്കാര്യത്തിൽ നടപടിയെടുത്തില്ല. ഇപ്പോഴത്തെ നഗരസഭാ ചെയർമാനും മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.ദീപക് മുൻ കൈയെടുത്ത് വഴിവിളക്ക് സ്ഥാപിക്കാൻ ഇപ്പോൾ 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
അമിത വേഗത്തിൽ വാഹനങ്ങൾ സഞ്ചരിച്ച് അപകടം കൂടിയതോടെ ഇവിടെ ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൂർണമായ തോതിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടില്ല. ബേബി മെമ്മോറിയൽ ആശുപത്രിക്കു സമീപം ക്രാഷ് ബാരിയർ സ്ഥാപിക്കാത്ത ഭാഗത്ത് കാർ പുഴയിലേയ്ക്ക് മറിഞ്ഞിരുന്നു. നിലവിൽ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയർ കാടു മൂടിയ നിലയിലുമാണ്.
അതിനാൽ വാഹനങ്ങൾ ഇതിൽ ഇടിക്കാനും സാധ്യതയേറെയാണ്. കാടു വളർന്നു നിൽക്കുന്നതിനാൽ റോഡിലേയ്ക്ക് പാന്പുകളും മറ്റും കയറി വരുന്നുണ്ട്. സ്ത്രീകളുൾപ്പെടെ ഒട്ടേറെ പേർ രാവിലെ പ്രഭാത സവാരിയ്ക്കിറങ്ങുന്ന പാതയാണ് പുഴയോര ബെപാസ്.
വഴിവിളക്കിന് 15 ലക്ഷം :ചെയർമാൻ
പുഴയോര ബൈപാസിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും ഇതിനായി 15 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ കെ.ദീപക് പറഞ്ഞു. റോഡിലെ കാട് ഉടൻ വെട്ടി നീക്കും. നഗരത്തിലെ എല്ലാ റോഡുകളിലും കാടു വെട്ടി നീക്കുന്ന ജോലികൾ നടന്നു വരികയാണ്. മഴക്കാലമെത്തുന്നതിനു മുന്പു തന്നെ നഗരസഭയിൽ ഇത്തരം പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കും. നാലു വർഷത്തോളമായി അധികാരത്തിലിരുന്ന ഇടതു ഭരണ സമിതി നടപ്പാക്കാതിരുന്ന വികസന പ്രവർത്തനങ്ങളാണ് യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.