മൂന്നാർ ഗ്രാമ പഞ്ചായത്തിൽ വീണ്ടും അവിശ്വാസ പ്രമേയനീക്കം
1546787
Wednesday, April 30, 2025 6:03 AM IST
മൂന്നാർ: ഭരണത്തിലെത്തുന്നതിനും നിലനിർത്തുന്നതിനും ഇടതു മുന്നണിയും കോണ്‍ഗ്രസു നടത്തുന്ന നീക്കങ്ങൾ മൂലം ഭരണ അസ്ഥിരത നേരിടുന്ന മൂന്നാർ ഗ്രാമ പഞ്ചായത്തിൽ വീണ്ടും അവിശ്വാസ പ്രമേയനീക്കം. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാറിനെതിരേയാണ് സ്വന്തം മുന്നണിയിലുള്ള പത്ത് അംഗങ്ങൾ അവിശ്വാസ പ്രമേയ കത്തു നൽകിയത്.
ദേവികുളം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർക്കാണ് കത്തു നൽകിയിട്ടുള്ളത്. സന്തം മുന്നണിയിലുള്ള മറ്റൊരാളെ പ്രസിഡന്റ് ആക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം. നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെട്ടതോടെയാണ് അനിശ്ചിതത്വത്തിലായ പ്രസിഡന്റ് പദം ദീപയ്ക്ക് ലഭിച്ചത്. കഴിഞ്ഞ മാസം 28 ് നടന്ന നാടകീയ സംഭവങ്ങൾക്ക് ഒടുവിലാണ് കോണ്‍ഗ്രസ് ഭരണനേതൃത്വം നൽകുന്ന പഞ്ചായത്തിൽ ദീപയുടെ പ്രസിഡന്റ് പദവി അനിശ്ചിതത്വത്തിൽ ആയത്.
മൂന്നാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ദീപ രാജിവച്ചതായുള്ള കത്തു ലഭിച്ചിരുന്നു. എന്നാൽ, ഈ കത്ത് തന്റേതല്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്റെ മുറിയിൽ കയറി വാതിൽ പൂട്ടിയിട്ട് ബലമായി രാജിക്കത്തിൽ ഒപ്പുവയ്ക്കാൻ ആവശ്യപ്പെടുകയും അത് നിരസിച്ചപ്പോൾ വ്യാജ ഒപ്പിട്ട് സെക്രട്ടറിക്കു നൽകുകയും ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രസിഡന്റ് വ്യക്തമാക്കിയത്.
രാജി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതോടെ പ്രസിഡന്റിനെയും സെക്രട്ടറിയെയും കമ്മീഷൻ വിളിച്ചുവരുത്തി. രാജിക്കത്തിൽ സെക്രട്ടറിയുടെ മുന്പിൽ വച്ച് ഒപ്പിടണമെന്ന പഞ്ചായത്ത് രാജ് ആക്ടാണ് ദീപയ്ക്ക് തുണയായത്. കൂറുമാറ്റ നിരോധന നിയമം വഴി രണ്ട് അംഗങ്ങൾ അയോഗ്യരാക്കപ്പെട്ടതോടെ 21 അംഗങ്ങൾ ഉള്ള മൂന്നാർ പഞ്ചായത്തിൽ കോണ്‍ഗ്രസിന് 11 അംഗങ്ങളും ഇടതു മുന്നണിക്ക് എട്ട് അംഗങ്ങളുമാണുള്ളത്.