നെടുങ്കണ്ടത്ത് പെട്രോള്‍ പമ്പില്‍ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവം: പിതാവ് എസ്പിക്ക് പരാതി നല്കി
1546793
Wednesday, April 30, 2025 6:03 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പെട്രോള്‍ പമ്പിലെ അറ്റകുറ്റപ്പണികള്‍ക്കിടെ ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ പിതാവ് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്കി. കരാറുകാരന് തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്പ്പെടുത്തിയിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
പരാതിയെത്തുടര്‍ന്ന് കേസ് അന്വേഷണം കട്ടപ്പന ഡിവൈഎസ്പിക്ക് കൈമാറി. കഴിഞ്ഞ എട്ടിനാണ് നെടുങ്കണ്ടം എച്ച്പി പെട്രോള്‍ പമ്പില്‍ ഇലക്ട്രിക് ജോലികള്‍ ചെയ്തുകൊണ്ടിരിക്കേ ചേര്‍ത്തല കാരിക്കാട്ട് വീട്ടില്‍ ജെബിന്(24) മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് കേസെടുക്കാന്‍ വിമുഖത കാട്ടിയതായും കേസുമായി മുന്നോട്ടുപോയാല്‍ യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്ന് പോലീസ് പറഞ്ഞതായും ജെബിന്റെ പിതാവ് ബെന്നി എസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
കരാറുകാരന്റെ അശ്രദ്ധയും അലംഭാവവും മൂലമാണ് തനിക്കു മകനെ നഷ്ടപ്പെട്ടത്. ഭാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച് നിര്‍മിച്ച സ്കഫോൾഡിംഗിന് ആവശ്യമായ നീളമോ ബലമോ ഉണ്ടായിരുന്നില്ല. ഇതിന്റെ അടിയില്‍ ഘടിപ്പിച്ചിട്ടുള്ള വീല്‍ ലോക്ക് ചെയ്താലും ചെറിയ ചലനം ഉണ്ടായാല്‍ തനിയെ തെന്നിമാറുമായിരുന്നു. ഉയരത്തില്‍ നിന്ന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സേഫ്റ്റി ബെല്‍റ്റും ഹെല്‍മറ്റും നല്‍കേണ്ടതാണ്. ഇവ രണ്ടും കരാറുകാരന് നല്‍കിയിരുന്നില്ല. അപകടത്തില്‍ തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമായത്.
അപകടം നടന്ന ശേഷം കരാറുകാരന്റെ പ്രതിനിധികള്‍ സംഭവസ്ഥലത്ത് സേഫ്റ്റി ഉപകരണങ്ങള്‍ കൊണ്ടുവയ്ക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് ഇഎസ്ഐയും പിഎഫും പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സും എടുക്കേണ്ട ഉത്തരവാദിത്വവും കരാറുകാരനുണ്ട്. ഇവയൊന്നും പാലിച്ചിട്ടില്ല. ഇവയൊക്കെ അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും നെടുങ്കണ്ടം പോലീസ് സ്റ്റേഷന് ഉദ്യോഗസ്ഥരെ കേസ് അന്വേഷണത്തില്‍ നിന്നും മാറ്റിനിർത്തണമെന്നും പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിന്റെ അന്വേഷണം കട്ടപ്പന ഡിവൈഎസ്പിയെ ഏല്‍പ്പിച്ചത്.