വ്യാപാരികൾക്കായി സൗജന്യ ആരോഗ്യ പരിശോധന
1546797
Wednesday, April 30, 2025 6:04 AM IST
തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷൻ അൽ അസ്ഹർ മെഡിക്കൽ കോളജ് ആന്‍ഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിശോധന പാക്കേജ് അസോസിയേഷൻ അംഗങ്ങൾക്കായി നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
തൊടുപുഴയിലെ മുഴുവൻ വ്യാപാരികൾക്കുമായി മേയ് ഒന്നു മുതൽ ജൂണ്‍ 30 വരെയുള്ള കാലയളവിലാണ് ഹെൽത്ത് ചെക്കപ്പ് പാക്കേജ് ഒരുക്കുന്നത്. കൂടാതെ, ജനറൽ മെഡിസിൻ, ത്വക്ക്, ഇഎൻടി, ഓർത്തോ, സൈക്യാട്രി, നേത്രം, സർജറി, എമർജൻസി മെഡിസിൻ, ശ്വാസകോശം, ഗൈനക്കോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, ദന്തൽ തുടങ്ങി പന്ത്രണ്ടോളം വിഭാഗങ്ങളിലെ ഡോക്ടർമാരെ സൗജന്യമായി കണ്‍സൾട്ട് ചെയ്യാം.
രക്തത്തിലെ ടോട്ടൽ കൗണ്ട്, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കരളിന്റെ പ്രവർത്തന ക്ഷമത, കിഡ്നി പ്രവർത്തന പരിശോധന, ബ്ലഡ് യൂറിയ, സിറം ക്രിയാറ്റിനൻ തുടങ്ങിയ ലാബ് പരിശോധനകളും സൗജന്യമാണ്.
പാക്കേജ് ഉപയോഗപ്പെടുത്തുന്ന വ്യാപാരികൾ മർച്ചന്റ്സ് അസോസിയേഷന്റെ ഓഫീസിൽനിന്നു കൂപ്പണ്‍ കൈപ്പറ്റി ആശുപത്രിയിലെത്തണം. കൂടാതെ കിടത്തി ചികിൽസിക്കുന്ന രോഗികൾക്ക് ചികിത്സാ ഫീസിൽ ഇളവും ലഭിക്കും.
പത്ര സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ, അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പൈജാസ് മൂസ, സിഇഒ സുധീർ ബാസൂരി, അസോസിയേഷൻ ഭാരവാഹികളായ സി.കെ. നവാസ്, അനിൽ പീടികപറന്പിൽ, നാസർ സൈര, കെ.പി. ശിവദാസ്, ജോസ് കളരിക്കൽ, പ്രശാന്ത് കുട്ടപ്പാസ് എന്നിവർ പങ്കെടുത്തു.