തമിഴ്നാട് എംപിയുടെ സന്ദര്‍ശനം: തേവാരം-തേവാരംമെട്ട് റോഡിന് പ്രതീക്ഷയേറി
1547349
Friday, May 2, 2025 11:56 PM IST
നെടുങ്കണ്ടം: അന്തര്‍സംസ്ഥാന പാതയ്ക്ക് പുതിയ പ്രതീക്ഷ നല്കി കേരളത്തിലെയും തമിഴ്നാട്ടിലെയും ജനപ്രതിനിധികളുടെ സംഗമം. വര്‍ഷങ്ങളായി ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന തേവാരം-തേവാരംമെട്ട് റോഡ് യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി തേനി എംപി തങ്കത്തമിഴ് ശെല്‍വം, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, എം.എം. മണി എംഎല്‍എ എന്നിവര്‍ ഒത്തുചേര്‍ന്ന് നീക്കങ്ങള്‍ ആരംഭിച്ചു.
തങ്കത്തമിഴ് ശെല്‍വത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ അടക്കമുള്ളവരുടെ സംഘം തേവാരത്തുനിന്ന് ഏഴ് കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ച് തേവാരംമെട്ടിലെത്തി. അവിടെ ഡീന്‍ കുര്യാക്കോസും എം.എം. മണിയും മറ്റ് ജനപ്രതിനിധികളും ചേര്‍ന്ന് സംഘാംഗങ്ങള്‍ക്ക് സ്വീകരണം നൽകി. മേയ് ദിനത്തില്‍ രാവിലെ 7.30നാണ് തേനി എംപിയും സംഘവും കാനന പാതയിലൂടെ തേവാരംമെട്ടിലേക്ക് തിരിച്ചത്.
പാതയുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപമെത്തി പാതയെക്കുറിച്ചുള്ള വിശകലനം നടത്തിയ ശേഷമാണ് ഇവര്‍ തേവാരംമെട്ടിലെത്തിയത്. തുടര്‍ന്ന് നൂറുകണക്കിന് പ്രദേശവാസികളുടെ സാന്നിധ്യത്തില്‍ കര്‍ഷകരും ജനപ്രതിനിധികളുമായി പ്രത്യേക യോഗവും ചേര്‍ന്നു.
തമിഴ്നാടിന്റെ ഭാഗമായ മൂന്നര കിലോമീറ്ററോളം റോഡ് ഗതാഗത യോഗ്യമാക്കിയാല്‍ പാത പുനരുജ്ജീവിപ്പിക്കാനാകുമെന്നും ശബരിമല തീര്‍ഥാടകര്‍ക്കും തമിഴ്നാട്ടില്‍നിന്നെത്തുന്ന തോട്ടം തൊഴിലാളികള്‍ക്കും ഉപകാരപ്രദമാകുന്ന പാതയാണിതെന്നും യോഗം വിലയിരുത്തി. തമിഴ്നാട് മുഖ്യമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും പാതയുടെ ആവശ്യകത ബോധ്യപ്പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പാത യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും തേനി എംപി അറിയിച്ചു.
കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഡീന്‍ കുര്യാക്കോസും വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എല്ലാ അനുകൂല നിലപാടുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും ആവശ്യമായ ഇടപെടലുകള്‍ ഇരു സംസ്ഥാനങ്ങളുമായും കേന്ദ്രസര്‍ക്കാരുമായും നടത്തുമെന്നും എം.എം. മണിയും പറഞ്ഞു.
കക്ഷിരാഷ്ട്രീയ ഭേദമെന്യേ റോഡിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതോടെയാണ് വീണ്ടും ചര്‍ച്ച സജീവമായത്. ജനപ്രതിനിധികളെ കൂടാതെ വിവിധ രാഷ്ടീയ കക്ഷി നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, പി.എന്‍. വിജയന്, എം.എന്‍. ഗോപി, കെ. കുമാര്‍എന്നിവരും സ്ഥലത്തെത്തിയിരുന്നു.