എന്റെ കേരളം ക്രമസമാധാനപാലനത്തിന്റെ ഉള്ളറകൾ തുറന്ന് പോലീസ് സ്റ്റാൾ
1547697
Sunday, May 4, 2025 4:31 AM IST
ഇടുക്കി: കൗതുകവും ജിജ്ഞാസയും ഉണർത്തി എന്റെ കേരളം പ്രദർശന വിപണനമേളയിൽ കേരള പോലീസിന്റെ സ്റ്റാൾ. വയർലെസ് സംവിധാനങ്ങൾ, ഫോറൻസിക് സയൻസ്, ഫിംഗർപ്രിന്റ് ബ്യൂറോ, പോലീസിന്റെ വിവിധതരം തോക്കുകളും ആയുധങ്ങളും, സ്വയരക്ഷാ സംവിധാനങ്ങൾ, സൈബർ ഡിവിഷൻ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നർക്കോട്ടിക്സ് സെൽ, ഡോഗ് സ്ക്വാഡ് തുടങ്ങി പുത്തൻ അനുഭവം പകരുകയാണ് ഇവിടെ.
ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരായ പ്രതിരോധത്തിൽ സേനയുടെ വിവിധ അന്വേഷണ ഏജൻസികളെ സഹായിക്കുന്ന കേരള പോലീസിന്റെ പ്രധാന ശാസ്ത്രാന്വേഷണ വിഭാഗമായ ഫിംഗർപ്രിന്റ് ബ്യൂറോയുടെ ഉപകരണങ്ങൾ, കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന വിവിധ തരം കെമിക്കലുകൾ, ലൈറ്റ് സോഴ്സുകൾ, അനുബന്ധ ഉപകരണങ്ങൾ, കൃത്യസ്ഥലത്തുനിന്നു ലഭിക്കുന്ന വിരലടയാളങ്ങളുടെ മോഡലുകൾ, വിവിധതരം ലെൻസുകൾ എന്നിവയും പ്രദർശനത്തിലുണ്ട്.

പൊതുജനങ്ങൾക്ക് അവരുടെ വിരലടയാളങ്ങൾ തിരിച്ചറിയുന്നതിന് ലൈവ് സ്കാനർ സംവിധാനവും പ്രവർത്തിപ്പിക്കുന്നുണ്ട്.പോലീസിന്റെ വാർത്താവിനിമയ വിഭാഗമായ കേരള പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി യൂണിറ്റിന്റെ സാങ്കേതിക മാറ്റങ്ങൾ പൊതുജനങ്ങളുടെ അറിവിനായി പ്രദർശിപ്പിച്ചിട്ടുണ്ട്.
സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്ന പുരാതന എച്ച്എഫ് കമ്യൂണിക്കേഷൻ സങ്കേതമായ മോസ്കോഡിൽനിന്നു വിഎച്ച്എഫ്യു എച്ച്എഫ് റേഡിയോ കമ്യൂണിക്കേഷനിലേക്കും ഡിജിറ്റൽ മൊബൈൽ റേഡിയോ ത്രീടയർ നടപ്പാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പോലീസ് സേന എന്ന പദവിയിലേക്കും വളർന്ന കേരള പോലീസിന്റെ വാർത്താ വിനിമയ വിഭാഗത്തിന്റെ ചരിത്രമാണിത്.
യൂണിറ്റിൽ നേരത്തേ ഉപയോഗിച്ചിരുന്നതും നിലവിൽ ഉപയോഗിച്ച് വരുന്നതുമായ കമ്യൂണിക്കേഷൻ ഉപകരണങ്ങളാണ് പൊതുജനങ്ങളുടെ അറിവിലേക്കായി സ്റ്റാളിൽ പരിചയപ്പെടുത്തുന്നത്.
വനിതകൾക്കും കുട്ടികൾക്കും സൗജന്യമായി സ്വയം പ്രതിരോധത്തിന്റെ പാഠങ്ങൾ സ്റ്റാളിൽ പകർന്നു നൽകുന്നുണ്ട്. ഇടുക്കി റൂറൽ പോലീസിലെ വനിതാ മാസ്റ്റർ ട്രെയിനർമാരാണ് പ്രതിരോധ പാഠങ്ങൾ പഠിപ്പിക്കുന്നത്.