എന്റെ കേരളം ; പ്രദർശനമേള ഇന്നു സമാപിക്കും
1547912
Sunday, May 4, 2025 11:31 PM IST
ഇടുക്കി: കഴിഞ്ഞ 29 മുതൽ വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്നു വന്നിരുന്ന എന്റെ കേരളം പ്രദർശന വിപണനമേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകുന്നേരം അഞ്ചിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ മുഖ്യാതിഥിയായിരിക്കും.
നൂറുകണക്കിന് ആളുകളാണ് വാഴത്തോപ്പ് ഗവ. എച്ച്എസ്എസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശന വിപണനമേള സന്ദർശിച്ചത്. വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയിരിക്കുന്ന പവലിയനുകളും മേളയിൽ ജനങ്ങളെ ആകർഷിച്ചു.
മനോഹരമായ കടൽത്തീരത്തോ പച്ചപ്പുനിറഞ്ഞ ഗ്രാമഭംഗിയിലോ ഫോട്ടോഷൂട്ട് നടത്തണമെങ്കിൽ അതിനായുള്ള സൗകര്യമാണ് ടൂറിസം പവലിയനിൽ സജ്ജമാക്കിയിരിക്കുന്നത്.
ബീച്ചും ഡെസ്റ്റിനേഷൻ വെഡിംഗിന്റെ മാതൃകയും ഇവിടെ ഒരുക്കിയിരിക്കുന്നു. തിരമാലകൾ കാലിൽ തൊട്ടു തഴുകി പോകുന്ന അനുഭവം തരുന്നതാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്ന കടലോരത്തിന്റെ ചെറുപതിപ്പ്.
വിനോദസഞ്ചാരികൾക്ക് സുരക്ഷിതവും പ്രകൃതിയോട് ചേർന്നുനിൽക്കുന്ന യാത്രാനുഭവം പകരുന്നതുമായ കാരവാൻ ടൂറിസത്തെ അടുത്തറിയാനും ഇവിടെ അവസരമുണ്ട്. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള കാരവാൻ വിനോദയാത്ര ഇഷ്ടപ്പെടുന്നവർക്ക് പുത്തൻ അനുഭവമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. ഇതോടൊപ്പം ഗ്രാമീണ ടൂറിസത്തിന്റെ ഭംഗി വിളിച്ചോതുന്ന ഓലക്കുടിലും നെൽപ്പാടങ്ങളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയുടെ ടൂറിസം മാപ്പും വിവിധ സേവനങ്ങളെക്കുറിച്ചും ഇവിടെനിന്ന് അറിയാൻ സാധിക്കും.
വനവിഭവങ്ങളുടെ
രുചി നുകരാം
നറുനീണ്ടി ചായ, ബട്ടർ ബീൻസ് മോമോസ്, റാഗി ലഡു തുടങ്ങി വനവിഭവങ്ങളുടെ രുചി വൈവിധ്യമാണ് വനം- വന്യജീവി വകുപ്പിന്റെ സ്റ്റാളിൽ തയാറാക്കിയിരിക്കുന്നത്. ഒൗഷധഗുണമുള്ള പ്രകൃതിദത്ത ഭക്ഷ്യ ഉത്പന്നങ്ങളാണ് ഇവിടത്തെ പ്രത്യേകത.
മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനും ചിന്നാർ വന്യജീവി സങ്കേതവും ചേർന്നാണ് സ്റ്റാൾ സജ്ജമാക്കിയിരിക്കുന്നത്. വേറിട്ട രുചികളുമായാണ് കുടുംബശ്രീ ഭക്ഷ്യ മേള ഒരുക്കിയിരിക്കുന്നത്. പാലക്കാട് അട്ടപ്പാടി ആദിവാസി ഉൗരിന്റെ സ്വന്തം ഭക്ഷണമായ വനസുന്ദരി ചിക്കൻ ഏറെ പേരെ ആകർഷിക്കുന്നു. അട്ടപ്പാടിയിൽനിന്നുള്ള അഞ്ച് യുവതികളാണ് ഈ രുചിക്കൂട്ട് തയാറാക്കിയിരിക്കുന്നത്.
കരകൗശല വസ്തുക്കളുമായി
ജില്ലാ ജയിൽ വകുപ്പ്
ജില്ലാ ജയിൽ വകുപ്പിന്റെ സ്റ്റാളിലെ കരകൗശല വസ്തുക്കളുടെ പ്രദർശനം ശ്രദ്ധേയമായി. ജയിലിലെ കലാകാരൻമാരാണ് ഇവിടെ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്ന ചിത്രങ്ങളും കരകൗശല വസ്തുക്കളും നിർമിച്ചിരിക്കുന്നത്. ചിരട്ടയിൽ തീർത്ത ശില്പങ്ങൾക്കും മറ്റ് കരകൗശല വസ്തുക്കൾക്കും 100 രൂപ മുതലാണ് വില. ഒപ്പം തുണിസഞ്ചികളും ജയിലിൽനിന്ന് വിൽപ്പനയ്ക്കുണ്ട്. പെയിന്റിംഗുകൾ മനോഹരമായ ഫ്രെയിമുകളിലാക്കിയാണ് വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്.
അലങ്കാരമത്സ്യങ്ങളുടെ
വർണക്കാഴ്ച
വിവിധയിലം അലങ്കാര മത്സ്യങ്ങളുടെ വിപുലമായ ശേഖരമാണ് മത്സ്യഫെഡ് സ്റ്റാളിൽ ക്രമീകരിച്ചിരിക്കുന്നത്. വിവിധ വർണങ്ങളിൽ അക്വേറിയത്തിലൂടെ ഓടിക്കളിക്കുന്ന കുഞ്ഞൻ വർണ മത്സ്യം ടെട്രാ കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ആകർഷിക്കുന്നു.
ജയ്ന്റ് ഗൗരാമി, എയ്ഞ്ചൽ, ഗോൾഡ് ഫിഷ് എന്നിവയ്ക്കും പുറമേ കേരളത്തിന്റെ സ്വന്തം മത്സ്യം കരിമീനും അടക്കം മത്സ്യങ്ങളുടെ വർണ കാഴ്ചകളാണ് ജില്ലാ മത്സ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്.
അലങ്കാര മത്സ്യങ്ങൾ വാങ്ങാനും വിൽക്കാനും ആഗ്രഹിക്കുന്നവർക്ക് സ്റ്റാളുമായി ബന്ധപ്പെട്ടാൽ കർഷകരുടെ വിവരങ്ങൾ ലഭിക്കും. വീട്ടുമുറ്റത്ത് മത്സ്യക്കുളം നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാങ്കേതിക സഹായവും നിർദേശങ്ങളും ഇവിടെനിന്ന് ലഭിക്കും.
കുടുംബസമേതം റോഷി അഗസ്റ്റിൻ
എന്റെ കേരളം പ്രദർശന വിപണന മേളയിലെ സ്റ്റാളുകൾ സന്ദർശിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ കുടുംബസമേതമെത്തി.
മന്ത്രിയും ഭാര്യ റാണിയും കായികവകുപ്പിന്റെ കായിക കേരളം സ്റ്റാളിൽ സ്പോർട്സ് കൗണ്സിലിലെ കുട്ടികളോടൊപ്പം വോളിബോൾ തട്ടി. ടൂറിസം വകുപ്പിന്റെ സ്റ്റാളിലെ ഗ്രാമീണ ടൂറിസം വില്ലേജ് സന്ദർശിക്കുകയും ഡെസ്റ്റിനേഷൻ വെഡിംഗ് മാതൃകയിൽ സജ്ജമാക്കിയ പവലിയനിൽ കുടുംബസമേതം ഫോട്ടോ എടുക്കുകയും ചെയ്തു.