വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കും: ചെയർമാൻ
1547695
Sunday, May 4, 2025 4:31 AM IST
തൊടുപുഴ: നഗരത്തിൽ വ്യാപാരികളും ജനങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർമാൻ കെ. ദീപക്കിന് നിവേദനം നൽകി.
വഴിയോരക്കച്ചവടം ഒഴിവാക്കുക, നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതതടസവും ഉണ്ടാകുന്നത് ഒഴിവാക്കുക, മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ശുചിമുറികൾ തുറന്നുകൊടുക്കുക, മങ്ങാട്ടുകവലയിലെ സ്റ്റാൻഡ് ടാറിംഗ് നടത്തി വെള്ളക്കെട്ട് ഒഴിവാക്കുക, മോർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, വ്യാപാര സ്ഥാപനങ്ങൾക്ക് തടസമായി നിൽക്കുന്ന ഓട്ടോ സ്റ്റാൻഡുകളും ബസ് സ്റ്റോപ്പുകളും പുനഃക്രമീകരിക്കുക, ലൈസൻസ് ഫീയുടെ മൂന്നിരട്ടി പിഴ ഉദ്യോഗസ്ഥന്മാർ ആവശ്യപ്പെടുന്നത് പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് രാജു തരണിയിലിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണെന്നും ഈ വിഷയങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നും ചെയർമാൻ ഉറപ്പു നൽകി.
ജനറൽ സെക്രട്ടറി സി.കെ. നവാസ്, ജില്ലാ സെക്രട്ടറി നാസർ സൈര, എം.എൻ. ബാബു, ഹരി അന്പാടി, വി.എ. ഷംനാസ്, കെ.പി. ശിവദാസ്, സൽജൻ തോമസ്, സലിം ഫോക്കസ്, കെ.ഐ. സഹീർ തുടങ്ങിയവർ പങ്കെടുത്തു.