ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1547917
Sunday, May 4, 2025 11:31 PM IST
തൊടുപുഴ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൊടുപുഴ മുതലക്കോടം കൊതകുത്തി അന്ത്യാലുങ്കൽ ദാസിന്റെ മകൻ ആദിത്യൻ ദാസ് (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ തൊടുപുഴ-കാളിയാർ റോഡിലെ ചെറുനിലം ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. തൊടുപുഴയിൽനിന്നു വണ്ണപ്പുറത്തിന് പോകുകയായിരുന്ന എയിൻസ് ബസ് എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ബസിനടിയിൽപ്പെട്ട ബൈക്കുമായി റോഡിലൂടെ ഏറെനേരം നിരങ്ങിനീങ്ങിയ ശേഷമാണ് ബസ് നിന്നത്. ഗുരുതരമായി പരിക്കേറ്റ ആദിത്യന്റെ കാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. രക്തം വാർന്ന് ഏറെ നേരം റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ബസ് ജീവനക്കാർ ഉൾപ്പെടെ ആരും തയാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട് നാട്ടുകാർ വിളിച്ചുവരുത്തിയ സ്വകാര്യ ആംബുലൻസിൽ യുവാവിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ബസിന്റെ അമിത വേഗമാണ് അപകടകാരണമെന്നാരോപിച്ച് സ്ഥലത്തെത്തിയ നാട്ടുകാർ ബസ് ജീവനക്കാർക്കു നേരേ പ്രതിഷേധമുയർത്തി.
അപകടം നടന്നതിന് ഏതാനും ദൂരം മുന്നിൽ വച്ച് അമിത വേഗത്തിലെത്തിയ ഇതേ ബസ് തന്റെ ബൈക്കിൽ തട്ടാൻ തുടങ്ങിയതായും തലനാരിഴയ് ക്കാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടതെന്നും പിന്നാലെയെത്തിയ ബൈക്ക് യാത്രികൻ പറഞ്ഞു.