മുഖ്യമന്ത്രിയുടെ രാജി: കോൺഗ്രസ് മാർച്ച് നാളെ
1547918
Sunday, May 4, 2025 11:31 PM IST
ചെറുതോണി: വീണാ വിജയൻ, കെ.എം. ഏബ്രഹാം, എം.ആർ. അജിത്കുമാർ എന്നിവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാളെ ചെറുതോണിയിൽനിന്ന് ഇടുക്കി താലൂക്ക് ഓഫീസിലേക്കു മാർച്ച് നടത്തും.
കരിമണൽ കമ്പനിയിൽനിന്നു കോടിക്കണക്കിനു രൂപ മാസപ്പടി വാങ്ങിയ കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കുറ്റക്കാരിയാണെന്ന് ഇതിനോടകം വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിക്കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം വരവിൽക്കഴിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ഹൈക്കോടതിതന്നെ കണ്ടെത്തിയതാണ്.
എഡിജിപി എം.ആർ. അജിത്കുമാറിനെ രഹസ്യചർച്ചയ്ക്ക് അയച്ച് സിപിഎം-ബിജെപി ബന്ധം ഊട്ടിയുറപ്പിച്ചതും വ്യക്തമായതാണ്.
ഇവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചും ധർണയും രാഷ്ട്രീയകാര്യസമിതിയംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ അറിയിച്ചു.