സേനാപതി പഞ്ചായത്തിലെ ഭവനപദ്ധതിയിൽ ക്രമക്കേടെന്ന്
1547357
Friday, May 2, 2025 11:56 PM IST
മാങ്ങാത്തൊട്ടി: സേനാപതി പഞ്ചായത്തിലെ ഭവനപദ്ധതിയിൽ വൻ ക്രമക്കേടെന്ന് ആരോപണം. സ്ഥലവും വീടുമില്ലാത്തവർ 30 പേരുണ്ടെന്നാണ് പഞ്ചായത്തിന്റെ അന്തിമലിസ്റ്റിലുള്ളത്.
എന്നാൽ, മുൻപ് പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഭൂമി അനുവദിച്ച് ഭവന നിർമാണത്തിനു പണം വാങ്ങിയവരിൽ പലരും വീടും സ്ഥലവും കൈമാറ്റം ചെയ്തും പണയപ്പെടുത്തിയും വാടകയ്ക്കുനൽകിയും ഇതര സംസ്ഥാനത്തേക്ക് താമസം മാറ്റിയിട്ടുണ്ടെന്നു പറയുന്നു. പഞ്ചായത്തിൽനിന്നും സ്ഥലവും വീടും അനുവദിച്ചാൽ ഉടമയ്ക്കും അവരുടെ അവകാശികൾക്കും താമസിക്കാം.
അല്ലാത്തപക്ഷം പഞ്ചായത്തിനെ തിരികെ ഏൽപിക്കണമെന്നാണ് നിയമം.ഇതിനു വിരുദ്ധമായി ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഇടപാടുകൾ നടന്നതെന്നാണ് ആക്ഷേപം.
ഈ കാര്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് നേതൃത്വത്തിനും മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങുകയാണ് സ്ഥലത്തെ ഒരു കൂട്ടം യുവാക്കൾ.