വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി കാലാവസ്ഥ
1547704
Sunday, May 4, 2025 4:31 AM IST
മൂന്നാർ: കൂടുതൽ സഞ്ചാരികൾ എത്തുന്ന ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാലത്തു പോലും മൂന്നാറിൽ സഞ്ചാരികളുടെ വരവിൽ ഗണ്യമായ കുറവ്. പ്രതികൂല കാലാവസ്ഥയും റെഡ് അലർട്ടും മൂലം കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിലേക്ക് പ്രതീക്ഷിച്ച ഒഴുക്കുണ്ടായില്ല. കാലാവസ്ഥയ്ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഗതാഗതക്കുരുക്കുമെല്ലാം സഞ്ചാരികളുടെ വരവിന് തടസമാകുകയാണ്.
കാലാവസ്ഥ പ്രതികൂലമായതോടെ ഓണ്‍ലൈൻ വഴിയായി ഹോട്ടൽ ബുക്കിംഗ് നടത്തിയ നിരവധി പേർ ബുക്കിംഗ് റദ്ദ് ചെയ്തു. 2018 ലെ മഹാപ്രളയത്തിനു ശേഷം മൂന്നാറിലെ ടൂറിസം മേഖലയ്ക്കു ഒരു തിരിച്ചുവരവു സാധ്യമായിട്ടില്ല.
വാരാന്ത്യ ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് ഇപ്പോൾ തിരക്കുള്ളത്. ഹോട്ടൽ, റിസോർട്ട് മേഖലയാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ചെറുതും വലുതുമായി മൂന്നാറിൽ മാത്രം 700 റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലെ തിരക്കു കൊണ്ടു മാത്രം ഹോട്ടൽ മേഖല മുന്നോട്ടുപോകില്ല. കടക്കെണി മൂലം അടച്ചുപൂട്ടിയ റിസോർട്ടുകളുടെ എണ്ണവും കുറവല്ല. സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ചു കഴിയുന്ന ടൂറിസം ടാക്സി ഡ്രൈവർമാരും വലിയ തിരിച്ചടിയാണ് നേരിടുന്നത്.