ജനങ്ങളെ കാഴ്ചക്കാരാക്കി മൂന്നാർ പഞ്ചായത്തിൽ അധികാരപ്പോര്
1547355
Friday, May 2, 2025 11:56 PM IST
മൂന്നാർ: വോട്ടു നൽകി വിജയിപ്പിച്ച ജനങ്ങളെ കാഴ്ചക്കാരാക്കി ഇടതു-വലതു മുന്നണികൾ അധികാരത്തിനു വേണ്ടി നടത്തുന്ന അടവുനീക്കങ്ങൾ മൂന്നാർ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നു. വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനോ നടപ്പിലാക്കാനോ സാധിക്കാത്ത വിധത്തിൽ അധികാരപ്പോര് മുറുകുകയാണ്.
ഇടതു-വലതു മുന്നണികൾ നടത്തുന്ന അണിയറനീക്കങ്ങൾ മൂലം പഞ്ചായത്തു കമ്മിറ്റികൾ പോലും മുടങ്ങുകയാണ്. പുതിയ സാന്പത്തിക വർഷത്തിൽ കൂടിയ ആദ്യ യോഗവും നാടകീയമായ നീക്കങ്ങളാൽ സംഭവബഹുലമായി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷ അംഗങ്ങൾ ഇല്ലാതെയാണ് യോഗം ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ രണ്ടു ദിവസം മുന്‍പ് രാജി വച്ചിരുന്നു.
ഇടതുമുന്നണി അംഗമായ നാഗരാജിനെ അധ്യക്ഷൻ ആക്കിയായിരുന്നു യോഗം. പഞ്ചായത്ത് സെക്രട്ടറി പ്രതിപക്ഷവുമായി ഒത്തുകളിച്ചാണ് യോഗം നടത്തിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ, കൃത്യമായി അറിയിപ്പ് നൽകിയിയാണ് യോഗം ചേർന്നതെന്നാണ് സെക്രട്ടറിയുടെ വാദം. ഇത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
പഞ്ചായത്തിൽ ഭരണ അസ്ഥിരത ഉണ്ടാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നു തവണയാണ് പഞ്ചായത്തിൽ ഭരണമാറ്റം ഉണ്ടായത്. ഇക്കാലയളവിൽ നാലു പേരാണ് പ്രസിഡന്റ് ആയത്.
വനിതാ സംവരണമായ പ്രസിഡന്റ് പദവിയിൽ കോണ്‍ഗ്രസ് അംഗങ്ങളായ മണിമൊഴിയും ദീപ രാജ്കുമാറും ഇടതുമുന്നണിയിലെ പ്രവീണ രവികുമാറും എസ്. ജ്യോതിയും പ്രസിഡന്റുമാരായി. ഇതിൽ പ്രവീണ കോണ്‍ഗ്രസ് ടിക്കറ്റിലാണ് ജയിച്ചതെങ്കിലും പ്രസിഡന്റ് പദവിക്കായി ഇടതു മുന്നണിയിലേക്ക് കൂറുമാറി.
പിന്നീട് കൂറുമാറ്റ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവരുടെ അംഗത്വം അസാധുവാക്കി. ഇടക്കാലത്ത് പ്രസിഡന്റ് ഇല്ലാത്ത സാഹചര്യം ഉണ്ടായപ്പോൾ മൂന്നു തവണയാണ് വൈസ് പ്രസിഡന്റുമാർക്ക് താൽക്കാലിക ചുമതല നൽകേണ്ടി വന്നത്.
21 അംഗങ്ങളുള്ള മൂന്നാർ പഞ്ചായത്തിൽ ഭരണം നേടിയത് കോണ്‍ഗ്രസ് ആയിരുന്നു. 11 അംഗങ്ങൾ കോണ്‍ഗ്രസ് പക്ഷത്തുനിന്നു വിജയിച്ചപ്പോൾ 10 പേരുടെ പിന്തുണയുമായി ഇടതുമുന്നണി പ്രതിപക്ഷത്ത് എത്തി. കോണ്‍ഗ്രസ് പക്ഷത്ത് ഉള്ള രണ്ട് അംഗങ്ങളെ അടർത്തി ഇടതുമുന്നണിയുടെ ഭാഗമാക്കി. ഇതോടെ അവിശ്വാസ പ്രമേയത്തിനു മുന്‍പ് തന്നെ കോണ്‍ഗ്രസ് അംഗമായ പ്രസിഡന്റ് മണിമൊഴിക്ക് രാജി വയ്ക്കേണ്ടി വന്നു.
ഇടതു മുന്നണിയുടെ ഭാഗമായ രണ്ട് അംഗങ്ങളെ കോണ്‍ഗ്രസ് സ്വന്തം പക്ഷത്ത് എത്തിച്ചതോടെ രണ്ടു വർഷം നേതൃത്വം നൽകിയ ഇടതുമുന്നണിക്ക് അധികാരം നഷ്ടപ്പെട്ടു. നാടകീയ നീക്കങ്ങളും അനിശ്ചിതത്വവും തുടർക്കഥയായ പഞ്ചായത്തിൽ നാലു വർഷത്തിനിടെ ആറു തവണയാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകപ്പെട്ടത്. പ്രസിഡന്റ് പദവി വഹിച്ചിരുന്ന ദീപ രാജ്കുമാർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രിയപ്പെട്ട ആളെ ഈ സ്ഥാനത്ത് എത്തിക്കാൻ സമ്മർദം ചെലുത്തി രാജിവയ്പ്പിക്കുകയായിരുന്നു എന്നുള്ള ആരോപണം ശക്തമാണ്.